9 മാസം മുമ്പു നടന്ന പ്രണയ വിവാഹം കലാശിച്ചത് കൊലപാതകത്തില്‍; ഭാര്യയെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഭാര്യാ പിതാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം; കൃത്യത്തിനുശേഷം കാറില്‍ കടന്നു കളഞ്ഞ പ്രതി ഒടുവില്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങി

 


കുണ്ടറ: (www.kvartha.com 13.11.2019) ഭാര്യയെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് കാറില്‍ കടന്നു കളഞ്ഞു. മുളവന കശുവണ്ടി ഫാക്ടറി ജംക്ഷന്‍ ചരുവിള പുത്തന്‍വീട്ടില്‍ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകള്‍ കൃതി മോഹന്‍ (25) ആണ് ഭര്‍ത്താവിന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു സംഭവം. ഭര്‍ത്താവ് കൊല്ലം കോളജ് ജംക്ഷന്‍ എം ആര്‍ എ 12 ബി ദേവിപ്രിയയില്‍ വൈശാഖ് ബൈജു (28) ആണ് കാറില്‍ കയറി രക്ഷപ്പെട്ടത്. പിന്നീട് ഇയാള്‍ കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പണത്തിനും സ്വത്തിനും വേണ്ടി വൈശാഖ് ഭാര്യയെ ഉപദ്രവിക്കുന്നതും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

9 മാസം മുമ്പു നടന്ന പ്രണയ വിവാഹം കലാശിച്ചത് കൊലപാതകത്തില്‍; ഭാര്യയെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഭാര്യാ പിതാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം; കൃത്യത്തിനുശേഷം കാറില്‍ കടന്നു കളഞ്ഞ പ്രതി ഒടുവില്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങി

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കൃതി മോഹന്‍ നാലു വര്‍ഷം മുന്‍പു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതില്‍ മൂന്നു വയസുള്ള മകളുണ്ട്. പിന്നീട് ഭര്‍ത്താവുമായി പിണങ്ങി വിവാഹബന്ധം വേര്‍പെടുത്തി. കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. വിവാഹം കഴിഞ്ഞ് ഗള്‍ഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളില്‍ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍ .

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വൈശാഖ് വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചു. കൃതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപയും ഭാര്യാമാതാവിന്റെ അക്കൗണ്ടിലെ ആറു ലക്ഷവും കൈക്കലാക്കി. ഇതിന് പുറമേ ഭാര്യവീട്ടുകാരുടെ പുരയിടം പണയപ്പെടുത്തി പതിനഞ്ചു ലക്ഷം രൂപയും കൈക്കലാക്കി. പണം ധൂര്‍ത്തടിച്ച് ആര്‍ഭാടജീവിതം നയിച്ച വൈശാഖ് ഭാര്യവീട്ടുകാര്‍ താമസിക്കുന്ന വീടും പുരയിടവും പണയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ തെറ്റിയത്. ഇതേചൊല്ലി ഒക്ടോബര്‍ 14ന് കലഹിച്ച് ഭാര്യവീട്ടില്‍ നിന്നിറങ്ങിയ വൈശാഖ് പിന്നീട് തിങ്കളാഴ്ചയാണ് തിരികെയെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി. ഈ സമയം വീട്ടുകാര്‍ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകില്‍ തട്ടി ആഹാരം കഴിക്കാന്‍ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടര്‍ന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലില്‍ നിന്നും എടുത്തപ്പോള്‍ വീട്ടുകാര്‍ക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയില്‍ കിടത്തി മുറ്റത്തേക്കിറങ്ങി.

ഇതു കണ്ട് കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറില്‍ കയറി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ മോഹനന്‍ വണ്ടിയുടെ മുന്നില്‍ തടസ്സം നിന്നു. ഇതോടെ ഇടിച്ചു വീഴ്ത്തുന്ന തരത്തില്‍ വണ്ടി മുന്നോട്ട് എടുത്തപ്പോള്‍ മോഹനന്‍ ഭയന്നു പിന്നോട്ട് മാറി. തുടര്‍ന്നു വൈശാഖ് അമിത വേഗത്തില്‍ കാറോടിച്ചു പോവുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ കുണ്ടറ പൊലീസില്‍ വിവരമറിയിച്ചു. പൊലീസും വാര്‍ഡ് മെമ്പര്‍ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി.

കൊലപാതകം അറിഞ്ഞ ഉടന്‍ പൊലീസ് വൈശാഖിനായി തെരച്ചില്‍ തുടങ്ങിയിരുന്നു. ഇയാളുടെ കൊല്ലത്തെയും പരവൂരിലെയും വീടുകളില്‍ പരിശോധന നടത്തി പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു. വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. റെയില്‍വേ സ്റ്റേഷനിലും മറ്റും നിരീക്ഷണം ശക്തമാക്കി. ഒടുവില്‍ പൊലീസിന്റെ സമ്മര്‍ദം ശക്തമായതോടെ ചൊവ്വാഴ്ച രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനില്‍ എത്തിയ വൈശാഖ് കീഴടങ്ങുകയായിരുന്നു. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Husband strangles his wife at Kollam,News, Murder, Crime, Criminal Case, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia