Financial Fraud | തൊഴിലുറപ്പ് ജോലിക്കാരായ സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പ്; ഓരോ അംഗങ്ങളെയും ചേര്‍ക്കുമ്പോള്‍ മണി ചെയിന്‍ മാതൃകയില്‍ കമീഷന്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയതായി തൊഴിലാളികള്‍
അജോ കുറ്റിക്കന്‍
കട്ടപ്പന: (www.kvartha.com) മണി ചെയിന്‍ മാതൃകയില്‍ തൊഴിലുറപ്പ് ജോലിക്കാരായ സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച് ജില്ലയില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പൈനാവ്, കട്ടപ്പന, കുമളി, ചെറുതോണി എന്നിവിടങ്ങളില്‍ നൂറുകണക്കിന് സ്ത്രീകളാണ് പുതിയ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ വീണത്. വിവിധ പഞ്ചായതുകളിലെ തൊഴിലുറപ്പ് മേറ്റുമാരെ സ്വാധീനിച്ചായിരുന്നു സംഘം ഇരകളെ വീഴ്ത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
സഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രാദേശികമായി രൂപീകരിച്ച സംഘങ്ങളില്‍ അംഗങ്ങളാക്കാന്‍ തൊഴിലാളികളെ വിളിച്ച് ചേര്‍ത്ത യോഗങ്ങളില്‍ മേറ്റുമാരും പങ്കെടുത്തിരുന്നു. ഓരോ അംഗങ്ങളെയും ചേര്‍ക്കുമ്പോള്‍ മണി ചെയിന്‍ മാതൃകയില്‍ ഇവര്‍ക്ക് കമീഷന്‍ നല്‍കുമെന്നായിരുന്നു തട്ടിപ്പ് സംഘം നല്‍കിയ വാഗ്ദാനം നല്‍കിയതായി തൊഴിലാളികള്‍ പറയുന്നു. ഇത് സത്യമാണെന്ന് കരുതി പലരും തങ്ങളുടെ വാര്‍ഡിന് പുറത്തും അംഗങ്ങളെ ചേര്‍ക്കുകയായിരുന്നു.
അംഗമായി ചേരുന്നുവര്‍ക്ക് ഒരു ലക്ഷം രൂപ കുറഞ്ഞ നിരക്കില്‍ പലിശയ്ക്ക് വായ്പയായി പണം അടച്ച് തീരുന്നതു വരെ മാസം തോറും പലവ്യഞ്ജന കിറ്റും നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. കൊല്ലത്തിന് സമീപം തിരുമുല്ലവാരം കേന്ദ്രീകരിച്ച് രൂപീകരിച്ച ഹരിത കേരള സര്‍വീസ് സൊസൈറ്റിയുടെ മറവിലായിരുന്നു തട്ടിപ്പ്.
15 മുതല്‍ 25 വരെ പേരുള്‍പെടുന്ന പ്രാദേശിക സംഘങ്ങള്‍ രൂപീകരിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഓരോരുത്തരില്‍ നിന്നും രണ്ടായിരം രൂപ വച്ച് വാങ്ങിയായിരുന്നു അംഗമാക്കിയിരുന്നത്. തൊഴിലുറപ്പ് ജോലിക്കാരായ സ്ത്രീകള്‍ കടംവാങ്ങിയും കുടുക്ക പൊട്ടിച്ചും 2000 രൂപ നല്‍കി. പണം നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും ഇവര്‍ വാഗ്ദാനം ചെയ്ത വായ്പാ തുകയോ ഭക്ഷ്യക്കിറ്റോ കിട്ടാതായതോടെ പറ്റിക്കപ്പെട്ടുവെന്ന് മനസിലായി.
വണ്ടിപ്പെരിയാര്‍ പഞ്ചായത് പരിധിയില്‍പെട്ട മഞ്ജു എന്ന സ്ത്രീയാണ് ഇവരില്‍ നിന്ന് പണം വാങ്ങിക്കൊണ്ടുപോയത്. മഞ്ജുവിനെതിരെ കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്. ഇടുക്കി സ്റ്റേഷനിലും ഇവര്‍ക്കെതിരെ പരാതിയുണ്ട്. തട്ടിപ്പ് നടത്തിയ ഹരിത കേരള സര്‍വീസ് സൊസൈറ്റി ഉടമയായ ബോസ് എന്നയാളുടെ ഇടനിലക്കാരിയാണ് മഞ്ജുവെന്നാണ് പരാതിക്കാരുടെ ആരോപണം. ജില്ലയിലെ മിക്ക പഞ്ചായതുകള്‍ കേന്ദ്രീകരിച്ച് സമാന രീതിയില്‍ തട്ടിപ്പ് നടത്താന്‍ നീക്കം നടക്കവെയാണ് സംഘത്തിനെതിരെ പരാതി ഉയരുന്നത്.
Keywords: News, Kerala, Fraud, Crime, Finance, Women, Idukki: Financial fraud targeting women.