Arrested | ആന്തൂരിലെ മോഷണ കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവായ ആന്ധ്രപ്രദേശ് സ്വദേശി അറസ്റ്റില്‍
തളിപ്പറമ്പ്: (KVARTHA) ആന്തൂരില്‍ (Anthoor) നടന്ന മോഷണക്കേസില്‍ (Theft Case) ആന്ധ്രപ്രദേശ് (Andhra Pradesh) സ്വദേശിയായ ഒരു അന്തര്‍സംസ്ഥാന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉമേഷ് റെഡ്ഡി എന്നയാളാണ് പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ആന്തൂര്‍കാവിന് സമീപത്തെ ചേനന്‍ തങ്കമണിയുടെ (75) വീട്ടില്‍ കവര്‍ച്ച നടന്നത്. രണ്ട് ലക്ഷം രൂപയും ഒന്നേമുക്കാല് പവന്‍ സ്വര്‍ണമാലയും മോഷ്ടിക്കപ്പെട്ടിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരി, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ണൂര്‍ തോട്ടടയില്‍ വെച്ച് പിടികൂടിയത്.
ആന്ധാപ്രദേശ് സ്വദേശിയായ ഉമേഷ് വര്‍ഷങ്ങളായി തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് താമസം. കഴിഞ്ഞ ദിവസം കുടുംബസമേതം പറശ്ശിനിക്കടവില്‍ എത്തി ലോഡ്ജില്‍ മുറിയെടുത്താണ് മോഷണശ്രമം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍, ലോഡ്ജുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ തന്ത്രപരമായ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മോഷ്ടിച്ച പണം പ്രതിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെങ്കിലും, സ്വര്‍ണമാല കണ്ടെത്താനായിട്ടില്ല. ഒന്നര പവന്റെ സ്വര്‍ണമാല എടുത്തില്ലെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുള്ളത്. എസ്.ഐ നാരായണന്‍ നമ്പൂതിരി, എ.എസ്.ഐ മുഹമ്മദ് അലി, അരുണ്‍, പ്രമോദ്, ജയദേവന്‍, ഷിജോ അഗസ്റ്റിന്‍, നൗഫല്‍ അഞ്ചില്ലത്ത്, അഷറഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.