Palestinian Killed | യുദ്ധ മുന്നറിയിപ്പിന് പിന്നാലെ ഗാസയില്‍നിന്ന് പലായനം ചെയ്തവര്‍ക്കുനേരെ ഇസ്രാഈല്‍ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 70 പേര്‍ കൊല്ലപ്പെട്ടു

 


ഗാസ: (KVARTHA) യുദ്ധ മുന്നറിയിപ്പിന് പിന്നാലെ ജീവനുംകൊണ്ട് തെക്കന്‍ ഗാസയിലേക്ക് കൂട്ടപ്പലായനം ചെയ്തവര്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ അധികവും.

ഗാസ സിറ്റിയില്‍ നിന്ന് തെക്കോട്ട് കാറുകളില്‍ പോവുകയായിരുന്നവര്‍ക്ക നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഹമാസ് മീഡിയ ഓഫീസ് അറിയിച്ചു. അതേസമയം, ആരെയാണ് ആക്രമിച്ചവര്‍ ലക്ഷ്യംവച്ചതെന്ന് അറിയില്ലെന്നും യാത്രക്കാരുടെ കൂട്ടത്തില്‍ സായുധസേനാംഗങ്ങള്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ലെന്നും ഹമാസ് മീഡിയ ഓഫീസ് അറിയിച്ചു.

ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 1900 കടന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 600ല്‍ അധികം പേര്‍ കുട്ടികളാണ്. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രാഈല്‍ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങള്‍ വടക്കന്‍ ഗാസയില്‍നിന്ന് വീട് വിട്ട് പലായനം ചെയ്തു.

ഒഴിഞ്ഞു പോകുന്നവര്‍ക്ക് മേല്‍ ഇസ്രാഈല്‍ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി. ഗാസയില്‍ സുരക്ഷിത മേഖലകള്‍ നിശ്ചയിക്കാന്‍ ചര്‍ച്ച നടത്തുകയാണെന്ന് അമേരികയും പ്രതികരിച്ചു. ഉചിതമായ സമയത്ത് യുദ്ധത്തില്‍ പങ്കുചേരുമെന്ന് ലെബനോനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി.

ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനാ ഏജന്‍സികള്‍ അവരുടെ പ്രവര്‍ത്തനം വടക്കന്‍ ഗാസയില്‍നിന്ന് തെക്കന്‍ മേഖലയിലേക്ക് മാറ്റി. എന്നാല്‍ 13,000ത്തോളം വരുന്ന പ്രവര്‍ത്തകര്‍ വടക്കന്‍ ഗാസയിലെ യുഎന്‍ കാംപുകളിലുള്ളവര്‍ക്ക് വേണ്ട സഹായം നല്‍കുന്നതിനായി അവിടെ തന്നെ തുടരുകയാണെന്ന് യുഎന്‍ അറിയിച്ചു. ജനങ്ങള്‍ ഒഴിഞ്ഞു പോവുക എന്നത് അപ്രായോഗികമാണെന്നും സുരക്ഷിത പാത ഒരുക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

അതേസമയം, വടക്കന്‍ ഗാസയിലെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെതിരെ ഫലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അപലപിച്ചു. 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രാഈലിന്റെ അന്ത്യശാസനം പിന്‍വലിക്കണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രാഈല്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്.

Palestinian Killed | യുദ്ധ മുന്നറിയിപ്പിന് പിന്നാലെ ഗാസയില്‍നിന്ന് പലായനം ചെയ്തവര്‍ക്കുനേരെ ഇസ്രാഈല്‍ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 70 പേര്‍ കൊല്ലപ്പെട്ടു



Keywords: News, World, World-News, Crime, Crime-News, Tel Aviv News, Israel News, Hamas, Gaza News, Riding, Vehicle, Killed, Fleeing, Conflict, Children, Palestinian, Safety, Israel-Hamas conflict: Israeli air raids pound Gaza as Palestinians seek safety.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia