പട്‌ന: (www.kvartha.com 30.03.2022) ബിഹാറിലെ ദിനാപൂരില്‍ ജെഡിയു നേതാവ് ദീപക് മേത്ത(47) വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ദീപക് മേത്തയ്ക്ക് നേരെ അക്രമി സംഘം വെടിയുതിര്‍ത്തത്. ദിനാപൂരിലുള്ള ദീപക് മേത്തയുടെ വസതിക്ക് മുന്നിലായിരുന്നു സംഭവം. രണ്ടു ബൈകുകളിലായെത്തിയ സംഘം ദീപക് മേത്തയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
ഉടന്‍തന്നെ പട്‌നയിലെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. നെഞ്ചിലും തലയിലും ഉള്‍പെടെ അഞ്ച് ബുളറ്റുകളാണ് മേത്തയുടെ ശരീരത്തില്‍ പതിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
നഗര്‍ പരിഷത്ത് ദനാപൂര്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു മേത്ത. ജെഡിയു വൈസ് പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹയുമായി അടുത്ത ബന്ധമായിരുന്നു മേത്തയ്ക്ക്. വിവരമറിഞ്ഞയുടന്‍ കുശ്വാഹ മേത്തയുടെ വീട്ടില്‍ പാഞ്ഞെത്തി. ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും, കുറ്റവാളികള്‍ ആരായാലും സര്‍കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പട്നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ടി (ആര്‍എല്‍എസ്പി) സ്ഥാനാര്‍ഥിയായി ദീപക് മേത്ത ദാനാപുര്‍ മണ്ഡലത്തില്‍ മല്‍സരിച്ചു തോറ്റു. ആര്‍എല്‍എസ്പി പിന്നീട് ജനതാദള്‍ (യു)വില്‍ ലയിച്ചപ്പോഴാണ് ദീപക് മേത്ത പാര്‍ടി സംസ്ഥാന സെക്രടറിയായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.