കസ്റ്റഡിയിലിരിക്കെ ആദ്യദിവസം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോള്‍; കുട്ടിയെ മാതാവ് കരിങ്കല്ലിലേക്കെറിഞ്ഞത് രണ്ടു തവണ; മടങ്ങിയത് മരണം ഉറപ്പാക്കി

 


കണ്ണൂര്‍: (www.kvartha.com 19.02.2020) ഒന്നരവയസുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തിയ 22കാരിയായ ശരണ്യ എന്ന മാതാവിന്റെ ഫോണിലേക്ക് കസ്റ്റഡിയിലിരുന്ന ആദ്യദിവസം മാത്രം എത്തിയത് കാമുകന്റെ 17 മിസ്ഡ് കോള്‍. ശരണ്യയുടെ ഫോണില്‍നിന്നു പൊലീസിനു ലഭിച്ച ചാറ്റ് ഹിസ്റ്ററിയില്‍നിന്നും പൊലീസിന് മനസിലാക്കാനായതും കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള അതിയായ ആഗ്രഹമാണ്.

ഞായറാഴ്ച രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന വിയാന്‍ എന്ന ഒന്നര വയസ്സുകാരനെ തിങ്കളാഴ്ച രാവിലെയാണ് കടല്‍ത്തീരത്തെ പാറക്കൂട്ടത്തിനിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കസ്റ്റഡിയിലിരിക്കെ ആദ്യദിവസം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോള്‍; കുട്ടിയെ മാതാവ് കരിങ്കല്ലിലേക്കെറിഞ്ഞത് രണ്ടു തവണ; മടങ്ങിയത് മരണം ഉറപ്പാക്കി

കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയെ കടല്‍ഭിത്തിയിലെ പാറക്കെട്ടുകളിലേക്ക് വലിച്ചെറിഞ്ഞാണ് കൊന്നതെന്നും ശരണ്യ അന്വേഷണസംഘത്തോട് സമ്മതിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് ശരണ്യ ഒന്നര വയസ് മാത്രം പ്രായമുള്ള വിയാനെ കൊലപ്പെടുത്തിയത്. ഇരുളിന്റെ മറവില്‍ കുഞ്ഞുമായി കടല്‍ത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേക്കു കുട്ടിയെ വലിച്ചെറിഞ്ഞു. കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേക്കു മടങ്ങിയത്.

കൊലയില്‍ പങ്കുണ്ടെന്ന് സംശയിച്ച പൊലീസ് മാതാപിതാക്കളായ ശരണ്യയെയും ഭര്‍ത്താവ് പ്രണവിനെയും രണ്ടു ദിവസം തുടര്‍ച്ചയായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞിനെ കാണാതായപ്പോള്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു.

പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിപ്പിക്കുകയും പിറ്റേന്നു പുലര്‍ച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയില്‍ കൃത്യം നടത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കല്ലില്‍ ശക്തിയായി തലയിടിച്ചുണ്ടായ പരിക്കാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണു ശരണ്യ അടുപ്പം സ്ഥാപിക്കുന്നത്. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു. എന്നാല്‍ തിരിച്ചെത്തിയശേഷം ദാമ്പത്യത്തില്‍ അസ്വാരസ്യം ഉണ്ടാവാന്‍ തുടങ്ങി.

ഇരുവരുടെയും ബന്ധത്തിലെ ഉലച്ചില്‍ പ്രണവിന്റെ സുഹൃത്തിന് അറിയാമായിരുന്നു. ഈ അവസരം മുതലെടുക്കാനാണ് അയാള്‍ ശരണ്യയുമായി ഫെയ്‌സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് കരുതുന്നു. പിന്നീടതു ഫോണ്‍ വിളിയിലേക്കും ചാറ്റിലേക്കും നീണ്ടു. അതിനിടെ കാമുകനു മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

എന്നല്‍ വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്നും ചാറ്റുകളില്‍ നിന്നും വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍, കാമുകനുമൊത്തു ജീവിക്കാന്‍ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയതിനുശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നു ശരണ്യ ശ്രമിച്ചത്. ഇതിന് വല്ലപ്പോഴും വീട്ടിലെത്താറുള്ള പ്രണവിന്റെ വരവിന് വേണ്ടി അവര്‍ കാത്തുനിന്നു. ശരണ്യയുടെ പിതാവ് മത്സ്യബന്ധനത്തിന് പോകാറുള്ള അവസരത്തിലാണ് തനിച്ച് കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാനായി അയാള്‍ എത്തിയിരുന്നത്.

ഇതിനിടെ മൂന്നു മാസങ്ങള്‍ക്കുശേഷം ഭര്‍ത്താവു വീട്ടിലെത്തിയത് കൊലയ്ക്ക് പറ്റിയ അവസരമായി ശരണ്യ കണ്ടു. താനും കുഞ്ഞുമായി അകന്നു കഴിയുന്ന പ്രണവിന്റെ യാദൃച്ഛികമായ സാന്നിധ്യം അയാളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നും ശരണ്യ കണക്കുകൂട്ടി.

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തന്ത്രം. കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണം കാമുകനുമായുള്ള ബന്ധമാണെങ്കിലും അയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണു പൊലീസിന്റെ നിഗമനം. എങ്കിലും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും.

വിയാന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനു സാക്ഷികളാകാന്‍ അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ മൈതാനപ്പള്ളി സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മകന്റെ ശരീരം മണ്ണേറ്റുവാങ്ങുമ്പോള്‍, ആ കൊലപാതകത്തില്‍ സംശയിക്കപ്പെട്ടു പൊലീസ് കസ്റ്റഡിയിലായിരുന്നു ഇരുവരും.

വിയാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച വൈകിട്ടോടെ എകെജി ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും സംസ്‌കാരം നടത്താന്‍ അമ്മയുടെ അച്ഛന്റെ വരവിനായി കാക്കുകയായിരുന്നു. മല്‍സ്യത്തൊഴിലാളിയായ വല്‍സരാജ് മീന്‍ പിടിക്കാന്‍ കടലില്‍ പോയിരുന്നു. വല്‍സരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വിയാന്‍. വല്‍സരാജ് തിരിച്ചെത്തിയശേഷം മൃതദേഹം വീട്ടിലെത്തിച്ചു.

സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മകന്റെ ദേഹം അവസാനമായി കാണണമെന്നു പ്രണവോ ശരണ്യയോ പൊലീസിനോടു പറഞ്ഞില്ല. അതിനു ശ്രമിച്ചാല്‍ നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന എതിര്‍പ്പ് മനസിലാക്കിയ പൊലീസ് നിര്‍ബന്ധിച്ചതുമില്ല. മകന്റെ ശരീരം മണ്ണോടു ചേര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ അമ്മയുടെ അറസ്റ്റും നടന്നു.

Keywords:  Kannur woman kills baby to be with lover, pins blame on husband, Kannur, News, Local-News, Trending, Murder, Custody, Arrested, Crime, Criminal Case, Police, Parents, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia