Allegation | അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ അധ്യാപിക ഒളിവിൽ
● ബോർഡിലെഴുതിയത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന് പറഞ്ഞ് സെലിൻ യുകെജി വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് പരാതി.
● ഈ സംഭവം പുറത്തുവന്നതോടെ നെടുപുഴ പൊലീസ് കേസെടുത്തു.
തൃശൂർ: (KVARTHA) അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ചെന്നാരോപണം. കുരയച്ചിറ സെന്റ് ജോസഫ് സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം റിപോർട്ട് ചെയ്തത്. ആരോപണ വിധേയയായ അധ്യാപിക സെലിൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ബോർഡിലെഴുതിയത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന് പറഞ്ഞ് സെലിൻ യുകെജി വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് പരാതി. ആദ്യം ചൂരല്‍ കൊണ്ട് അടിച്ചെന്നും കുട്ടി കരയാത്തതുകൊണ്ട് വീണ്ടും മർദ്ദിച്ചെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ, പ്രത്യേകിച്ച് കാലുകളിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. ഈ സംഭവം പുറത്തുവന്നതോടെ നെടുപുഴ പൊലീസ് കേസെടുത്തു.
പൊലീസ് വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ലെന്നും, സ്കൂൾ അധികൃതർ പരാതി പിൻവലിക്കാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. പരാതി പിൻവലിച്ചാൽ കുട്ടിക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്തുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കൊച്ചിയിലെ സമാന സംഭവം:
അടുത്തിടെ കൊച്ചിയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. ഉത്തരം പറയാത്തതിന് നഴ്സറി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി മട്ടാഞ്ചേരിയിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലെ അധ്യാപികയായിരുന്ന സീതാലക്ഷ്മിയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവം പുറത്തറിഞ്ഞതോടെ സ്കൂൾ അധികൃതർ അധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ക്ലാസ് മുറിയിൽ വച്ച് താൻ ചോദിച്ച ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം പറഞ്ഞില്ലെന്നാരോപിച്ച് കുട്ടിയെ തലങ്ങും വിലങ്ങും മർദ്ദിച്ചതായി പറയുന്നു. ചൂരൽ കൊണ്ടുള്ള അടിയേറ്റ് കുഞ്ഞിന്റെ പുറത്ത് നിരവധി പരുക്കുകളുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ രണ്ട് സംഭവങ്ങളും നമ്മുടെ സമൂഹത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നു. കുട്ടികൾ പഠിക്കാൻ വരുന്ന സ്ഥലങ്ങളിൽ അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും പ്രധാന ഉത്തരവാദിത്തമാണ്..
#childabuse #kerala #teacherassault #schoolviolence #childsafety #justiceforchildren