Verdict | കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ കോടതി കുറ്റവിമുക്തനാക്കി; ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും
Verdict | കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ കോടതി കുറ്റവിമുക്തനാക്കി; ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും


● കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്
● പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാറാണ് കേസ് പരിഗണിച്ചത്
● പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചല്‍ ഷാനവാസും ഹാജരായി
● അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ മാപ്പു സാക്ഷിയാക്കിയാണ് കേസ് വിസ്തരിച്ചത്
കൊല്ലം: (KVARTHA) കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതിയുടെ കണ്ടെത്തല്‍. പ്രതികളില്‍ ഒരാളെ കുറ്റവിമുക്തനാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാറാണ് കേസ് പരിഗണിച്ചത്. എട്ട് വര്‍ഷം ജയിലില്‍ കിഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരോധിത ഭീകരസംഘടനയായ ബേസ് മൂവ് മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഷംസുദ്ദീന്‍ എന്ന പ്രതിയെയാണ് കോടതി വെറുതേവിട്ടത്. അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ മാപ്പു സാക്ഷിയാക്കിയാണ് കേസ് വിസ്തരിച്ചത്.
കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചല്‍ ഷാനവാസും ഹാജരായി. 2017 സെപ്റ്റംബര്‍ ഏഴിനാണ് കുറ്റപത്രം സമര്‍പ്പിച്ചതെങ്കിലും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്.
പ്രതികള്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകശ്രമം, സ്‌ഫോടകവസ്തു നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്
കേസിന്റെ നാള്‍വഴികള്‍:
2016 ജൂണ്‍ 15ന് രാവിലെ 10.50ന് മുന്‍സിഫ് കോടതിക്ക് മുന്നില്‍ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്‌ഫോടനം നടന്നത്. ചോറ്റുപാത്രത്തില്‍ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിന് പരുക്കേറ്റിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും ബാഗും പൊലീസ് കണ്ടെടുത്തു. കലക്ടറേറ്റിലേക്ക് ജനങ്ങള്‍ എത്തുന്ന ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനം.
മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക് സാക്ഷികള്‍ മൊഴി നല്‍കി. രണ്ടാം പ്രതി ഷംസൂണ്‍ കരിം രാജയാണ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. തമിഴ് നാട്ടില്‍ നിന്ന് ബസില്‍ കൊല്ലം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ഇറങ്ങി, അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ കലക്ടറേറ്റ് വളപ്പില്‍ എത്തി ബോംബ് സ്ഥാപിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് നാലുപേരും.
ബേസ് മൂവ് മെന്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ നടത്തിയത് അഞ്ച് സ്‌ഫോടന പരമ്പരകളാണെന്ന് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ആന്ധ്രപ്രദേശിലെ നെല്ലൂര്‍, ചിറ്റൂര്‍, കര്‍ണാടകയില്‍ മൈസൂരു, കേരളത്തില്‍ കൊല്ലം, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍. 2016 നവംബര്‍ ഒന്നിന് മലപ്പുറം കലക്ടറേറ്റ് വളപ്പിലെ മജിസ്‌ട്രേറ്റ് കോടതിക്കു മുന്നിലായിരുന്നു പരമ്പരകളിലെ അവസാന സ്‌ഫോടനം. മൈസൂരു സ്‌ഫോടന കേസിലെ അന്വേഷണത്തിനിടയില്‍ പ്രതികളുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത ലാപ് ടോപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്ലം സ്‌ഫോടനക്കേസ് തെളിഞ്ഞത്.
പ്രോസിക്യൂഷന്‍ 63 സാക്ഷികളെ വിസ്തരിച്ചു. 109 രേഖകളും 24 തൊണ്ടികളും ഹാജരാക്കി. വിചാരണ ആരംഭിച്ചപ്പോഴും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനും മൊഴിയെടുക്കാനും മാത്രമായിരുന്നു പ്രതികളെ നേരിട്ട് ഹാജരാക്കിയത്. പിന്നീട് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതികള്‍ കോടതി നടപടികളില്‍ പങ്കെടുത്തത്. കൊല്ലം മുന്‍ എസിപി ജോര്‍ജ് കോശിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.
#KollamBlastVerdict #KeralaNews #TerrorismTrial #CollectorateCase #BombBlastVerdict #JudicialDecision