Arrest | ഷാൻ വധക്കേസ്: പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചുവെന്നതിന് ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
● ആലപ്പുഴ സ്വദേശി എച് ദീപക് (44) ആണ് മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്.
● 2021 ഡിസംബർ 18 ന് രാത്രിയാണ് കെ എസ് ഷാൻ മണ്ണഞ്ചേരിയിൽ വെട്ടേറ്റ് മരിച്ചത്.
● ഇരു കൊലപാതകങ്ങളും കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു
ആലപ്പുഴ: (KVARTHA) എസ്ഡിപിഐ സംസ്ഥാന സെക്രടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചുവെന്നതിന് ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിലായി. ആലപ്പുഴ സ്വദേശി എച് ദീപക് (44) ആണ് മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഷാൻ വധക്കേസിലെ അഞ്ച് പ്രതികളുടെ ജാമ്യം കഴിഞ്ഞ ദിവസം ഹൈകോടതി റദ്ദാക്കിയിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി പറയുന്ന പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികൾക്ക് ജാമ്യം അനുവദിച്ച സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ പ്രോസിക്യൂഷൻ നൽകിയ അപീലിലാണ് ഹൈകോടതിയുടെ നടപടി.
2021 ഡിസംബർ 18 ന് രാത്രിയാണ് കെ എസ് ഷാൻ മണ്ണഞ്ചേരിയിൽ വെട്ടേറ്റ് മരിച്ചത്. ഷാന്റെ കൊലപാതകത്തിന് മണിക്കൂറുകൾക്കകം ബിജെപി നേതാവ് രൺജീത് ശ്രീനിവാസനും ആലപ്പുഴ നഗരത്തിൽ വെട്ടേറ്റ് മരിച്ചു. ഇരു കൊലപാതകങ്ങളും കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. രൺജീത് വധക്കേസിലെ പ്രതികളെല്ലാം ഉടൻ തന്നെ അറസ്റ്റിലാവുകയും കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കി 15 പ്രതികൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ ഷാൻ വധക്കേസിൽ വിചാരണ നടപടികൾ പോലും ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഷാൻ വധക്കേസിലെ 11 പ്രതികളും അറസ്റ്റിലായ ഉടൻ തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. കേസിൽ പ്രോസിക്യൂടറെ നിയമിക്കുന്നതിൽ വന്ന കാലതാമസമാണ് വിചാരണ വൈകാൻ പ്രധാന കാരണമെന്നാണ് ആക്ഷേപം. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ ആദ്യഘട്ടത്തിൽ കോടതിയിൽ ഹാജരാകാൻ അഭിഭാഷകർ തയ്യാറാകാതിരുന്നത് നടപടികൾ വൈകിച്ചു. പിന്നീട് ഷാനിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരം അഡ്വ. പി പി ഹാരിസിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതോടെയാണ് കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്.
കേസിൽ 143 സാക്ഷികളുണ്ട്. 483 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. രാജേന്ദ്രപ്രസാദ്, വിഷ്ണു, അഭിമന്യൂ, സനന്ദ്, അതുൽ, ധനീഷ്, ശ്രീരാജ്, പ്രണവ്, ശ്രീനാഥ്, മുരുകേശൻ, രതീഷ് എന്നിവരാണ് കേസിലെ പ്രതികൾ.
#KSShanMurder #RSSActivist #KeralaPolitics #AlappuzhaCrime #MurderCase #HighCourt