Job Scam | റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യപ്രതി റിമാന്‍ഡില്‍
കേരളത്തിലുടനീളമുള്ള നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്
കണ്ണൂര്‍: (KVARTHA) റെയില്‍വെയില്‍ മാനേജര്‍ ഉള്‍പെടെയുളള ഉന്നത തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യസൂത്രധാരന്‍ റിമാന്‍ഡില്‍. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ ശശിയെ(65) ആണ് തലശേരി ടൗണ്‍ എസ് ഐ വി വി ദീപ്തിയും സംഘവും അറസ്റ്റു ചെയ്തത്. ഇതിനു ശേഷം ഇയാളെ ചോദ്യം ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
തലശേരി കൊയ്യോട് സ്വദേശി എകെ ശ്രീകുമാറിന്റെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. ബിസിനസുകാരനെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തുവെന്നാണ് പരാതി.
ഇതിനായി റെയില്‍വെയിലെ വ്യാജരേഖകള്‍ കാണിച്ചു പരാതിക്കാരനില്‍ നിന്നും ബന്ധുവില്‍ നിന്നുമാണ് 36,50,000 രൂപ തട്ടിയെടുത്തത്. പിന്നീട് ജോലിയോ കൊടുത്ത പണമോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി. ഇതേ തുടര്‍ന്നാണ് തലശേരി ടൗണ്‍ പൊലീസിനെ പരാതിക്കാരന്‍ സമീപിച്ചത്. പ്രതിയായ കെ ശശി സമാനമായ രീതിയില്‍ പിലിക്കോട് കാലിക്കടവിലെ ശ്രീനിലയത്തിലെ പി ശരത് കുമാര്‍, സഹോദരന്‍ ശ്യാംകുമാര്‍ എന്നിവരില്‍ നിന്നും ഒരു കോടി രൂപയോളം വാങ്ങി ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
റെയില്‍വെയില്‍ മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് പിണറായി പാതിരയാട് പൊയനാട് സ്വദേശി പി നരേന്ദ്രബാബുവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസുമെടുത്തിട്ടുണ്ട്. പരാതിക്കാരന്റെ മകന് റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രതിയായ ശശി പരാതിക്കാരനില്‍ നിന്നും രണ്ടുതവണകളായി 25 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വഞ്ചിച്ചുവെന്നാണ് കേസ്. ഇത്തരത്തില്‍ സംസ്ഥാനമാകെ പ്രതിയായ കെ ശശിയും ഇയാള്‍ നേതൃത്വം നല്‍കിവന്ന സംഘവും ജോലി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.