Fake News | എംവി ജയരാജന്റെ പേരും ഫോട്ടോയും വെച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍
● പ്രമുഖ ചാനലിന്റെ ലോഗോയും ഉപയോഗിച്ചു
● സഹായിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം
കണ്ണൂര്‍: (KVARTHA) സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജിന്റെ പേരും ഫോട്ടോയും വെച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. ഒരു പ്രമുഖ ചാനലിന്റെ ലോഗോ ഉപയോഗിച്ചാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തില്‍ പാലക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി സൈനുദ്ദീനെയാണ് (46) കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ഇയാള്‍ക്കൊപ്പം പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്ത തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിനെ കണ്ടെത്താനായില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി വരികയാണെന്ന് കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കോടേരി അറിയിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പൊലീസ് ഇന്‍സ് പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ എസ് ഐ കെ കെ ഷഹീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയത്.
വ്യാജ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എംവി ജയരാജന്‍ കഴിഞ്ഞ 23 ന് സംസ്ഥാന പൊലീസ് മേധാവി, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. അന്‍വര്‍ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നില്‍ ജിഹാദികള്‍, എന്ന തലക്കെട്ടിലൂടെ 24 ന്യൂസിന്റെ എംബ്ലത്തോടെയാണ് വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ജയരാജന്‍ ഇത്തരത്തില്‍ വര്‍ഗീയ വിദ്വേഷം വമിക്കുന്ന പ്രസ്താവന നടത്തിയെന്ന വാര്‍ത്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം സൈനുദ്ദീനിലേക്ക് എത്തിയത്. മാത്രമല്ല, തങ്ങള്‍ അങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് 24 ന്യൂസ് പ്രതിനിധികള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് പാലക്കാട്ടേക്ക് എത്തി പ്രതിയെ അറസ്റ്റു ചെയ്തത്.
#fakenews #arrest #keralapolitics #socialmedia #cybercrime #MVJayarajan