Misbehavior | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; പോക്‌സോ കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു
● 'നടന്നുപോകുമ്പോള്‍ ബൈക്കിലെത്തി കടന്നുപിടിക്കുകയായിരുന്നു'
● പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവിയുടെ സഹായത്താല്‍
പഴയങ്ങാടി : (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നടന്നുപോകുമ്പോള്‍ ബൈക്കിലെത്തി കടന്നുപിടിച്ചെന്ന പരാതിയില്‍ കാസര്‍കോട് ചെറുവത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടികെ റഫിഖ് (35) ആണ് അറസ്റ്റിലായത്. പഴയങ്ങാടി സി ഐ സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴി ബൈക്കില്‍ പിന്തുടര്‍ന്ന യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ കയറിപിടിക്കുകയായിരുന്നു എന്നാണ് പരാതി.
കുതറി മാറി ഓടിരക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ക്യാമറ പരിശോധിക്കുകയും തിരിച്ചറിയുകയുമായിരുന്നു. ഇതിനു ശേഷം നടന്ന അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.
പഴയങ്ങാടി എസ് ഐ യദു കൃഷ്ണന്‍, എ എസ് ഐമാരായ പ്രസന്നന്‍, ഷാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചന്ദ്രകുമാര്‍, ജോഷി എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
#POCSO #KasargodCrime #MinorAssault#KeralaPolice #CCTV