Fraud | 'ട്രാഫിക് എസ്ഐ ചമഞ്ഞ് പലരിൽ നിന്നും പണം തട്ടി', യുവാവിനെ വ്യാപാരികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
● പയ്യന്നൂർ, തളിപ്പറമ്പ് മേഖലകളിൽ വ്യാപക തട്ടിപ്പ് നടത്തി.
● വനിതാ വ്യാപാരിയിൽ നിന്നും തട്ടിപ്പിന് ശ്രമിച്ചപ്പോൾ പിടിയിലായി
● പയ്യന്നൂർ പൊലീസിന് കൈമാറി
കണ്ണൂർ: (KVARTHA) ട്രാഫിക് എസ്ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തി പയ്യന്നൂർ, തളിപ്പറമ്പ് മേഖലകളിലെ വ്യാപാരികളിൽ നിന്ന് പണം കടം വാങ്ങി മുങ്ങിനടന്നയാളെ വ്യാപാരി നേതാക്കൾ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മന്ന കള്ള് ഷാപ്പിന് സമീപം ചിപ്സ് വിൽപ്പന നടത്തിയിരുന്ന ജയ്‌സണ്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പയ്യന്നൂർ പൊലീസിന് കൈമാറിയിട്ടുണ്ട്.
ട്രാഫിക് എസ്ഐയാണെന്നും കൺട്രോൾറൂം എസ്ഐയാണെന്നും പറഞ്ഞ് പയ്യന്നൂർ, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ വ്യാപാരികളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പണം വാങ്ങി മുങ്ങിനടന്നതായാണ് പരാതി. തളിപ്പറമ്പിൽ നിന്നും ഞായറാഴ്ച രാവിലെ വ്യാപാരി നേതാക്കളായ കെ.എസ് റിയാസ്, വി താജുദ്ദീൻ, കെ ഇബ്രാഹിംകുട്ടി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
രാവിലെ തളിപ്പറമ്പിലെ ഒരു വനിതാ വ്യാപാരിയിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പിന് ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. സമൂഹ മാധ്യമങ്ങളിൽ ഇയാളെക്കുറിച്ച് വിവരങ്ങൾ വന്നതിനാല്‍ പണം ചോദിച്ചെത്തിയ വ്യാപാരിയുടെ തന്ത്രപരമായ നീക്കത്തിലാണ് ഇയാള്‍ വലയിലായത്.
കഴിഞ്ഞ ദിവസം കരിമ്പത്തും ഇയാൾ ട്രാഫിക് എസ്ഐയാണെന്ന് പരിചയപ്പെടുത്തി പണം തട്ടിയെടുത്തിരുന്നുവെന്ന് പരാതിയുണ്ട്. അപരിചിതർ സഹായത്തിനു വന്നാല്‍ അന്വേഷണം നടത്തിമാത്രമേ സഹായം നൽകാവൂവെന്ന് വ്യാപാരി നേതാവ് കെ.എസ് റിയാസ് മുന്നറിയിപ്പ് നൽകി.
#KannurNews #TrafficSI #Fraud #Traders #Arrest #Kerala