Assault | 'മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ മർദിച്ചു', മകന് ആറര വർഷം തടവും 26000 രൂപ പിഴയും
● കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രദീപ് (39) എന്നയാളെയാണ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
● പ്രതിയുടെ അമ്മയായ ജഗദമ്മ (65) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
● അമ്മയെ ആക്രമിച്ചതിനു മുൻപും പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മാവേലിക്കര: (KVARTHA) മദ്യപാനത്തിനു പണം നൽകാത്തതിനെ തുടർന്ന് അമ്മയെ ക്രൂരമായി ആക്രമിച്ചെന്ന കേസിൽ പ്രതിക്ക് ആറര വർഷം തടവും 26000 രൂപ പിഴയും വിധിച്ചു. കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രദീപ് (39) എന്നയാളെയാണ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് 7ന് കുറത്തികാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
പ്രതിയുടെ അമ്മയായ ജഗദമ്മ (65) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മദ്യപാനത്തിന് അടിമയാണെന്നും, മദ്യപിക്കാനുള്ള പണം നൽകാത്തതിന് തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ജഗദമ്മ പരാതിയിൽ പറഞ്ഞിരുന്നു.
അമ്മയെ ആക്രമിച്ചതിനു മുൻപും പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡിൽ പാർപ്പിച്ചാണു വിചാരണ പൂർത്തിയാക്കിയത്. കസ്റ്റഡി കാലാവധി ശിക്ഷയിൽ നിന്ന് കുറയ്ക്കും. പിഴത്തുക പരാതിക്കാരിയായ ജഗദമ്മയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി.വി.സന്തോഷ് കുമാർ ഹാജരായി.
#Assault, #DrinkingMoney, #Mavelikkara, #CourtVerdict, #DomesticViolence, #JailSentence