തെലങ്കാനയില്‍ വഴിയരികിലെ ആരാധനാലയത്തിലെ വിഗ്രഹത്തിന് കീഴില്‍ ഛേദിക്കപ്പെട്ട തല; നരബലിയെന്ന് സംശയം; കേസ് അന്വേഷണത്തിനായി 8 അംഗ സംഘത്തെ നിയോഗിച്ച് പൊലീസ്, 'കൊല്ലപ്പെട്ടത് 30 നോടടുത്ത് പ്രായമുള്ള യുവാവ്'
Jan 11, 2022, 17:03 IST
ഹൈദരാബാദ്: (www.kvartha.com 11.01.2022) തെലങ്കാനയില്‍ നാല്‍ഗോണ്ട ജില്ലയില്‍ വഴിയരികിലെ ആരാധനാലയത്തിലെ വിഗ്രഹത്തിന് സമീപം മനുഷ്യന്റെ ഛേദിക്കപ്പെട്ട തല കണ്ടെടുത്തു. വിഗ്രഹത്തിന് കീഴില്‍ വച്ചിരുന്നതിനാല്‍ നരബലിയാണെന്നാണ് പൊലീസിന്റെ സംശയം.
സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് കൊലപാതക കേസ് രെജിസ്റ്റര്‍ ചെയ്തു. കൊല്ലപ്പെട്ടയാളെ കണ്ടെത്തുന്നതിനും കേസ് അന്വേഷണത്തിനുമായി എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചതായി ദേവരകൊണ്ടയിലെ ഡെപ്യൂടി പൊലീസ് സൂപ്രണ്ട് ആനന്ദ് റെഡ്ഡി പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വഴിയരികിലെ ആരാധനാലയത്തിലുണ്ടായിരുന്ന ഒരു പുരോഹിതനാണ് വിഗ്രഹത്തിന് കീഴില്‍ വെട്ടിയെടുത്ത തല ആദ്യം കണ്ടത്. തുടര്‍ന്ന് പുരോഹിതനാണ് വിവരം അറിയിച്ചത്.
30നോടടുത്ത് പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടത്. നരബലിയുടെ ഭാഗമായി മറ്റെവിടെയെങ്കിലുംവച്ച് യുവാവിനെ കൊലപ്പെടുത്തിയ ശേഷം തല വിഗ്രഹത്തിന്റെ പാദത്തില്‍ കൊണ്ടുവച്ചതാകാമെന്നാണ് സംശയം.
അതേസമയം, യുവാവിന്റെ ശരീരഭാഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് വരികയാണ്. യുവാവിനെ തിരിച്ചറിയാന്‍ മുഖത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സമീപത്തെ സൂര്യപേട്ടയിലെ ഒരു കുടുംബം ബന്ധപ്പെട്ടിരുന്നു.
രണ്ടുവര്‍ഷം മുമ്പ് വീടുവിട്ടുപോയ 30 വയസായ മാനസിക പ്രശ്നങ്ങളുള്ള മകനുമായി സാദൃശ്യമുള്ളതായി തോന്നുന്നുവെന്ന് അറിയിച്ചാണ് കുടുംബം സമീപിച്ചത്. എന്നാല്‍ ഇവരുടെ മകനാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.