Encounter | കര്‍ണാടക വനത്തിലെ വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു
● രക്ഷപ്പെട്ട 3 പേര്‍ക്കായി തിരച്ചില്‍.
● മലയോര പ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കി.
● കേരളാ പൊലീസിന് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം.
ഇരിട്ടി: (KVARTHA) കര്‍ണാടക വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ (Vikram Gowda) കൊല്ലപ്പെട്ടു. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ വിക്രം ഗൗഡയാണ് കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു - ഉഡുപ്പി അതിര്‍ത്തിയിലുള്ള സീതംബിലു വനമേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്നാണ് പറയുന്ന വിവരം
പൊലീസും നക്‌സല്‍ വിരുദ്ധസേനകളും സജീവമായി തിരഞ്ഞുവന്നിരുന്ന മറ്റു മൂന്ന് മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടെന്നാണ് സൂചന. ഏറ്റുമുട്ടലിനിടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവര്‍ ആണ് രക്ഷപ്പെട്ടത്. കേരളത്തില്‍ നിന്ന് രണ്ടു മാസം മുമ്പാണ് ഇവര്‍ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലാണ് ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയത്. കേരളാ പൊലീസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു.
സി പി മൊയ്തീന്‍ ഉള്‍പെടെയുള്ളവര്‍ അറസ്റ്റിലായതോടെയാണ് മറ്റുള്ളവര്‍ കര്‍ണാടകയിലേക്ക് കടന്നത്. വിക്രം ഗൗഡയുടെ നേതൃത്വത്തിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗൗഡയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ കഴിയാത്ത വിധത്തില്‍ ദുര്‍ബലരാണെങ്കിലും കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ പൊലീസും തണ്ടര്‍ബോള്‍ടും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
#Maoist #encounter #Karnataka #Kerala #police #operation