Complaint | അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള പാതയിൽ സ്ഥാപിച്ച 3500ലധികം വിളക്കുകൾ മോഷണം പോയതായി പരാതി; '50 ലക്ഷം രൂപയുടെ നഷ്ടം'
യാഷ് എന്റർപ്രൈസസ്, കൃഷ്ണ ഓട്ടോമൊബൈൽസ് എന്നീ കമ്പനികൾക്ക് അയോധ്യ വികസന അതോറിറ്റി നൽകിയ കരാറിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്
അയോധ്യ: (KVARTHA) രാമക്ഷേത്രത്തിലേക്കുള്ള രാംപഥ്, ഭക്തിപഥ് എന്നീ അതീവ സുരക്ഷയുള്ള റോഡുകളില്‍ സ്ഥാപിച്ചിരുന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന 3800 ഓളം വിളക്കുകളും 36 ഗോബോ പ്രൊജക്ടർ ലൈറ്റുകളും മോഷണം പോയതായി പരാതി. സംഭവത്തിൽ അയോധ്യയിലെ രാമജന്മഭൂമി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. മെയ് മാസത്തില്‍ നടന്ന മോഷണം ഇപ്പോഴാണ് പുറത്തുവന്നത്.
യാഷ് എന്റർപ്രൈസസ്, കൃഷ്ണ ഓട്ടോമൊബൈൽസ് എന്നീ കമ്പനികൾക്ക് അയോധ്യ വികസന അതോറിറ്റി നൽകിയ കരാറിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. കമ്പനിയുടെ പ്രതിനിധിയായ ശേഖർ ശർമയാണ് മോഷണം സംബന്ധിച്ച് പരാതി നൽകിയത്. മെയ് മാസത്തിൽ നടത്തിയ പരിശോധനയിൽ ലൈറ്റുകൾ കാണാതായതായി കണ്ടെത്തിയെങ്കിലും പരാതി നൽകിയത് കഴിഞ്ഞ ദിവസമാണ്.
പരാതിയുടെ ആധികാരികത പരിശോധിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഇ-എഫ്ഐആർ സംവിധാനത്തിലൂടെയാണ് പരാതി നൽകിയതെന്നും നേരിട്ട് പൊലീസ് സ്റ്റേഷനിൽ വന്നിട്ടില്ലെന്നും അയോധ്യ പൊലീസ് ചൂണ്ടിക്കാട്ടി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അയോധ്യ ജില്ലാ കലക്ടർ ചന്ദ്ര വിജയ് സിംഗ് അയോധ്യ വികസന അതോറിറ്റിയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. മഴയിൽ അയോധ്യ ക്ഷേത്ര നഗരിയിലെ വെള്ളക്കെട്ടും റോഡുകളുടെ തകര്‍ച്ചയും നേരത്തെ വലിയ ചർച്ചയായിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസം.