മാനസയെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് സംഘടിപ്പിച്ചത് ഉത്തരേന്ത്യയില്‍ നിന്നാണെന്ന് മന്ത്രി എംവി ഗോവിന്ദന്‍; വെടിവെക്കാനുള്ള പരിശീലനവും അവിടെ നിന്ന് ലഭിച്ചു, കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ബീഹാറിലേക്ക്
Aug 1, 2021, 12:46 IST
കണ്ണൂര്‍: (www.kvartha.com 01.08.2021) കഴിഞ്ഞ ദിവസം സംസ്ഥാനത്തെയൊട്ടാകെ ഞെട്ടിച്ച മാനസ കൊലപാകത്തില്‍ ഉപയോഗിച്ച തോക്ക് രഖില്‍ സംഘടിപ്പിച്ചത് ബീഹാറില്‍ നിന്നാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍. കോതമംഗലത്ത് യുവാവ് വെടിവെച്ച് കൊന്ന കണ്ണൂര്‍ നാറാത്തെ മാനസയെ വെടിവെക്കാനുള്ള പരിശീലനവും അവിടെ നിന്ന് ഇയാള്‍ക്ക് ലഭിച്ചുവെന്ന് മന്ത്രി. ഇതു സംബന്ധിച്ച എല്ലാം തെളിവുകളും പൊലീസിന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകത്തിന്റെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ഇന്ന് തന്നെ ബീഹാറിലേക്ക് തിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രഖിലും സുഹൃത്തും തോക്ക് സംഘടിപ്പിക്കാനായി ബീഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ പോയി താമസിച്ചു. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇതര സംസഥാന തൊഴിലാളിയില്‍ നിന്നാണ് അവിടെ നിന്നും തോക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ മാനസയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
കോതമംഗലം നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജില്‍ ബി ഡി എസ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ പാര്‍വണം പി വി മാനസയാണ് (24) വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയും സുഹൃത്തുമായ പാലയാട് മേലൂര്‍ രാഹുല്‍ നിവാസില്‍ രഖില്‍ പി രഘൂത്തമന്‍ മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. മാനസയും മൂന്ന് കൂട്ടുകാരികളും താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ രഖില്‍ യുവതിയെ തൊട്ടടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലടച്ചശേഷം പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം മാനസയുടെ മൃതദേഹം നാട്ടിലെത്തിച്ച് മടങ്ങവേ ആംബുലന്‍സ് അപകടത്തില്‍പെട്ടു. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.50-ഓടെ മാഹിപ്പാലത്തിന് സമീപം പരിമഠത്തായിരുന്നു അപകടം. എറണാകുളം പുന്നേക്കാട് സ്വദേശി എമില്‍ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.