ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ നടി റൈമയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് അറസ്റ്റില്‍
Jan 19, 2022, 16:15 IST
ധാക: (www.kvartha.com 19.01.2022) ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്‌ലാം ഷിമു(45)വിന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ നടിയുടെ ഭര്‍ത്താവ് ശെഖാവത്ത് അലി നോബലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് നോബല്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ കാണാതാകുന്നത്. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ധാകക്ക് സമീപം കേരാനിഗഞ്ചിലെ ഹസ്രത്പുര്‍ ബ്രിഡ്ജിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്. ശരീരത്തില്‍ മുറിവേറ്റതിന്റെ നിരവധി പാടുകളുണ്ടെന്ന് പോസ്റ്റ് മോര്‍ടെം റിപോര്‍ടില്‍ പറയുന്നു. റൈമയെ മറ്റെവിടെയോവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി പാലത്തിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
റൈമയുടെ കൊലപാതകത്തിന് പിന്നല്‍ കുടുംബ കലഹമാണെന്ന് പൊലീസ് തുടക്കത്തില്‍തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു ഭര്‍ത്താവിന്റെ കുറ്റസമ്മതവും അറസ്റ്റും. നോബലിനെ കൂടാതെ സുഹൃത്തിനെയും കാര്‍ ഡ്രൈവറെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം, കേസില്‍ ഒരു സ്വാധീനമുള്ള നടനും ഉള്‍പെട്ടിട്ടുണ്ടെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. എന്നാല്‍, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
1998ല്‍ 'ബര്‍ത്തമാന്‍' എന്ന ചിത്രത്തിലൂടെയാണ് റൈമ ബംഗ്ലാദേശ് സിനിമയില്‍ സജീവമാകുന്നത്. പിന്നീട് 25 ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകളെ കൂടാതെ ടെലിവിഷന്‍ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.