Sana Khan Case | 'സ്വർണമാലയും 50 ലക്ഷം രൂപയും; ബിജെപി നേതാവ് സന ഖാന്റെ രണ്ടാം വിവാഹ ജീവിതം ദുരന്തമായത് 2 കാരണങ്ങളാൽ; തർക്കത്തിന് തുടക്കമിട്ടത് വീഡിയോ കോളും'; മൃതദേഹം ഇതുവരെയും കണ്ടെത്താനായില്ല
Aug 13, 2023, 16:05 IST
ജബൽപൂർ: (www.kvartha.com) മഹാരാഷ്ട്രയിലെ ബിജെപി വനിതാ നേതാവ് സന ഖാനെ കൊലപ്പെടുത്തിയത് പണവും വ്യക്തിപരമായ പ്രശ്‌നങ്ങളും കാരണമെന്ന് അറസ്റ്റിലായ ഭർത്താവ് അമിത് സാഹുവിന്റെ മൊഴി. സന ഖാനെ കാണാതായി 10 ദിവസത്തിന് ശേഷം, മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നാണ് ഭർത്താവ് അമിത് സാഹുവിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. സാഹുവിനെയും മറ്റ് രണ്ട് പേരെയും വെള്ളിയാഴ്ച ജബൽപൂരിൽ വെച്ച് അറസ്റ്റ് ചെയ്തതായും തുടർന്ന് നാഗ്പൂരിലേക്ക് കൊണ്ടുവന്നതായും നാഗ്പൂർ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സന ഖാന്റെ മൃതദേഹം നദിയിൽ തള്ളിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഹിരൺ നദിയിൽ മൃതദേഹത്തിനായി പൊലീസ് സംഘം തിരച്ചിൽ നടത്തുകയാണ്. നാഗ്പൂർ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെൽ അംഗവുമായ സന ഖാനെ ജബൽപൂർ സന്ദർശിച്ച ശേഷമാണ് കാണാതായത്. ഓഗസ്റ്റ് ഒന്നിന് സാഹുവിനെ കാണാൻ സാൻ ഖാൻ ജബൽപൂരിൽ പോയിരുന്നതായി കുടുംബം പറയുന്നു. ബസിൽ നാഗ്പൂരിൽ നിന്ന് പുറപ്പെട്ട സന ഖാൻ അടുത്ത ദിവസം നഗരത്തിലെത്തിയ ശേഷം മാതാവിനെ വിളിച്ചു, എന്നാൽ, അധികം താമസിയാതെ അവളെ കാണാതാവുകയായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
പൊലീസ് പറയുന്നത് ഇങ്ങനെ:
'സന ഖാന്റെയും അമിത് സാഹുവിന്റേയും രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്. അമിതിന്റെ ആദ്യ ഭാര്യ പൊലീസിലാണ്. സന ഖാനും ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. സന നാഗ്പൂരിലും അമിത് ജബൽപൂരിലുമാണ് താമസിച്ചിരുന്നത്. അമിത് സാഹു കൊലപാതകക്കേസിൽ ജയിലിലും പോയിട്ടുണ്ട്. തന്റെ പരിചയക്കാരിൽ ഒരാളുടെ ചികിത്സയ്ക്കായി അമിത് നാഗ്പൂരിലേക്ക് പോയിരുന്നു. നാഗ്പൂരിൽ വച്ചാണ് സന ഖാനെ കണ്ടത്. അതിനുശേഷം ഇരുവരും പ്രണയത്തിലാവുകയും സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. 2022 ഏപ്രിലിലാണ് സനയും അമിത് സാഹുവും വിവാഹിതരായത്.
വിവാഹശേഷം സന ജബൽപൂരിലും നാഗ്പൂരിലുമായി താമസം തുടങ്ങി. അവൾ ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കാറുണ്ടായിരുന്നു. വിവാഹ വേളയിൽ സന തന്റെ ഭർത്താവ് അമിത് സാഹുവിന് സ്വർണമാല സമ്മാനമായി നൽകിയിരുന്നു. അമിത് അത് ധരിക്കാറുണ്ടായിരുന്നു. ഓഗസ്റ്റ് ഒന്നിന് സനയും അമിതും വീഡിയോ കോളിലൂടെ സംസാരിക്കുന്നതിനിടെ അമിതിന്റെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല കാണാനില്ലായിരുന്നു. ഇത് സന ചോദ്യം ചെയ്തതോടെ തർക്കമായി. തർക്കത്തിന് ശേഷം ഓഗസ്റ്റ് ഒന്നിന് രാത്രി സന നാഗ്പൂരിൽ നിന്ന് ജബൽപൂരിലേക്ക് പോയി.
ജബൽപൂരിൽ എത്തിയ സന അമിതിനോട് സ്വർണമാല ആവശ്യപ്പെടാൻ തുടങ്ങിയെന്നാണ് പറയുന്നത്. തർക്കത്തിനിടെ ബിസിനസിനായി നൽകിയ 50 ലക്ഷം രൂപയും യുവതി ആവശ്യപ്പെട്ടു. ഇതിനിടയിൽ ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും അമിത് സനയുടെ തലയിൽ ആയുധം കൊണ്ട് ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ സന മരണപ്പെടുകയായിരുന്നു. ഓഗസ്റ്റ് മൂന്നിന് ജബൽപൂരിൽ സനയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ഭർത്താവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഭാര്യയെ അടിച്ച് കൊലപ്പെടുത്തിയ ശേഷം ബെൽഖേഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ മേരേഗാവ് ഗ്രാമത്തിനടുത്തുള്ള പാലത്തിൽ നിന്ന് മൃതദേഹം ഹിരൺ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്'.
സനയുടെ പിതാവ് ബിസിനസുകാരനും മാതാവ് മെഹ്‌റുന്നിസ കോൺഗ്രസ് നേതാവുമാണ്. 2011ൽ ഒരു കൊലപാതക കേസിൽ അമിത് ജയിലിൽ പോയിട്ടുണ്ട്. അവിടെ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ ഒരു ധാബ (പാതയോര ഭക്ഷണശാല) തുറന്നിരുന്നു. അമിതിന്റെ ധാബയിൽ പാർട്ണർ ആവാൻ സന 50 ലക്ഷം രൂപ നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അമിതിനെയും കൂട്ടുപ്രതികളെയും കൂട്ടി മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Sana Khan Case, Crime, Murder, BJP Leader , Police, Nagpur, Investigation, Jabalpur, Dead Body, Missing BJP Leader Killed; Dead Body Thrown In River: Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.