Clean Chit | എം ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്; 'ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ'
● മൂന്നുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
● കവടിയാറിൽ കോടികൾ മുടക്കി ആഡംബര ബംഗ്ലാവ് നിർമ്മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം.
● കുറവൻകോണത്ത് ഫ്‌ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടി വിലയ്ക്ക് മറിച്ചുവിറ്റ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മറ്റൊരു ആരോപണം.
തിരുവനന്തപുരം: (KVARTHA) എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തൽ. പി വി അൻവർ എംഎൽഎ ഉന്നയിച്ച കരിപ്പൂർ സ്വർണക്കടത്ത്, കവടിയാറിലെ ആഡംബര വീട് നിർമ്മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വില്പന, മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങളെക്കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തിയത്. മൂന്നുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. അന്വേഷണ സംഘം രണ്ടാഴ്ചക്കകം ഡിജിപിക്ക് അന്തിമ റിപ്പോർട്ട് കൈമാറും.
കവടിയാറിൽ കോടികൾ മുടക്കി ആഡംബര ബംഗ്ലാവ് നിർമ്മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. താഴത്തെ നിലയിൽ കാർ പാർക്കിംഗും ഉൾപ്പെടെ മൂന്ന് നിലകളുള്ള കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്. എന്നാൽ, എസ് ബി ഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമ്മാണമെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
കുറവൻകോണത്ത് ഫ്‌ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടി വിലയ്ക്ക് മറിച്ചുവിറ്റ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. 2009-ൽ കോണ്ടൂർ ബിൽഡേഴ്സുമായി 37 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങാൻ കരാർ ഒപ്പിട്ടെന്നും ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തെന്നും അന്വേഷണത്തിൽ വ്യക്തമായി. 2013-ൽ ഫ്ലാറ്റ് കൈമാറിയെങ്കിലും രജിസ്ട്രേഷൻ വൈകിയെന്നും നാലുവർഷം താമസിച്ച ശേഷം 2016-ൽ 65 ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നുവെന്നും വിജിലൻസ് കണ്ടെത്തി. എട്ട് വർഷം കൊണ്ട് ഫ്ലാറ്റിന്റെ വിലയിൽ ഉണ്ടായ വർധനവാണ് വില്പനയിൽ പ്രതിഫലിച്ചതെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലൻസ് വിലയിരുത്തി.
കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് കരിപ്പൂർ വഴി സ്വർണം കടത്തിയെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചെന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ, സുജിത് ദാസിന്റെ കാലത്താണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസിൽ പ്രതിചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയുമായി അജിത് കുമാറിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അജിത് കുമാറിന് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയതിന് പിന്നാലെയാണ് വിജിലൻസിന്റെ ക്ലീൻ ചിറ്റ് വരുന്നത്. വിജിലൻസ് അന്വേഷണം അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിന് തടസ്സമാകില്ലെന്ന് സ്ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. സർക്കാരിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനെതിരായ വിജിലൻസ് അന്വേഷണം വെറും പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ കണ്ടെത്തലോടെ പ്രതിപക്ഷവും പി വി അൻവറും വിജിലൻസ് കണ്ടെത്തൽ തള്ളുമെന്നുറപ്പാണ്.
തൃശൂർ പൂരം കലക്കലിനെ കുറിച്ചാണ് ഇനി അജിത് കുമാറിനെതിരെയുള്ള പ്രധാന അന്വേഷണം. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ലോൺ വിവരങ്ങൾ, വീടുനിർമ്മാണ രേഖകൾ എന്നിവ അജിത് കുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. പ്രത്യേക ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നതെന്നായിരുന്നു നേരത്തെ അജിത് കുമാർ പ്രതികരിച്ചത്.
#AjithKumar #Vigilance #CleanChit #KeralaNews #PoliceInvestigation #GoldSmuggling