Arrested | ഷെയര്‍ ട്രേഡിങ് വഴി കോടികള്‍ തട്ടിയെന്ന സംഭവത്തിൽ സംഘത്തിന്റെ ഇടനിലക്കാരായ കോഴിക്കോട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍
Highlights in Malayalam: കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാര്‍, അഡീഷണല്‍ എസ്.പി കെ വി. വേണുഗോപാല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സൈബര്‍ പോലീസ് പ്രതികളെ പിടികൂടിയത്.
കണ്ണൂര്‍: (KVARTHA) ഷെയര്‍ ട്രേഡിങ് ആപ്പുവഴി അമിതലാഭം കൈവരിക്കാന്‍ ശ്രമിച്ച ഇടപാടുകാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തെന്ന കേസിലെ പ്രതികളുടെ ഇടനിലക്കാരായ രണ്ട് പേർ അറസ്റ്റിലായി. കോഴിക്കോട് ജില്ലയിലെ സുരേഷ്, സക്കറിയ എന്നിവരെയാണ് കണ്ണൂര്‍ സൈബര്‍ പോലീസ് സി ഐ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാര്‍, അഡീഷണല്‍ എസ്.പി കെ വി. വേണുഗോപാല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സൈബര്‍ പോലീസ് പ്രതികളെ പിടികൂടിയത്.
വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ഓണ്‍ലൈൻ വഴിയുള്ള പണം തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതികളുടെ ഇടനിലക്കാരായവരാണ് പിടിയിലായത്. മംഗ്‌ളൂരിൽ ബി.സി.എ വിദ്യാർത്ഥിയായ വിഘ് നേഷിന്റെ 51.65 ലക്ഷം രൂപ ഷെയര്‍ ട്രേഡിങ്ങിലൂടെ ഓണ്‍ലൈൻ തട്ടിപ്പുസംഘം തട്ടിയെടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സൈബര്‍ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിന് വഴിയുണ്ടാക്കിയത്. ഇതിൽ നാലു ലക്ഷം രൂപ സുരേഷിന്റെ അക്കൗണ്ടിൽ എത്തിയതായി പോലീസ് പറയുന്നു. സുരേഷിന്റെ സുഹൃത്തായ സക്കറിയയുടെ നിർദ്ദേശപ്രകാരം സുരേഷിന്റെ പേരിൽ വയനാട് പടിഞ്ഞാറെത്തറ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറക്കുകയും തട്ടിപ്പിന് ഇരയായ പലരെയും കൊണ്ടു അതിലേക്ക് പണമയപ്പിക്കുകയുമായിരുന്നതായാണ് റിപ്പോർട്ട്.
ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണം എസ്. ഐമാരായ സി. പി. ലിനേഷ്, ഉദയകുമാർ, സി. പി. ഒ.മാരായ സുനിൽ, ഷിനോജ് എന്നിവരടങ്ങുന്ന സംഘവും നടത്തുന്നു.