Murder | 10 ലക്ഷം രൂപയുമായി ജെസിബി വാങ്ങാൻ പോയ ദീപുവിന് സംഭവിച്ചതെന്ത്? കളിയിക്കാവിളയിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരുഹത ഏറെ
വഴിയിൽ നിന്നും ഒരാളെ കയറ്റിയിരുന്നതായും റിപോർടുണ്ട്
തിരുവനന്തപുരം: (KVARTHA) കേരള-തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു. പാപ്പനംകോട് കൈമനം സ്വദേശി എസ് ദീപു (44) ആണ് മരിച്ചത്. രാത്രി 12 മണിയോടെ പ്രദേശവാസികളാണ് മഹേന്ദ്ര എസ് യു വി കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച ആറ് മണിയോടെ 10 ലക്ഷം രൂപയുമായാണ് ദീപു വീട്ടിൽ നിന്ന് പോയതെന്നും ജെസിബി വാങ്ങാൻ പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഈ പണം കാറിനുള്ളിൽ കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ മോഷണത്തിനിടെയുള്ള കൊലപാതകമാണോ എന്നും പൊലീസ് സംശയിക്കുന്നു.
ദീപു ജെസിബി വില്പനക്കാരനാണ്. മലയത്ത് ഇദ്ദേഹത്തിന് ക്രഷർ ഉണ്ട്. ജെസിബി കൊണ്ടുവരാൻ വഴിയിൽ നിന്നും ഒരാളെ കയറ്റിയിരുന്നതായും റിപ്പോർട്ടുണ്ട്. മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിയിട്ടുണ്ട് . കളിയിക്കാവിള പൊലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.