പിണറായി സർക്കാരിനും സിപിഎമ്മിനും പി.പി ദിവ്യയ്ക്കും ആശ്വാസകരമായി സുപ്രീം കോടതി വിധി; സിബിഐ പേടി ഒഴിഞ്ഞു


● ഭാര്യയുടെ ഗൂഢാലോചന വാദം തള്ളി.
● പൊലീസ് അന്വേഷണം തൃപ്തികരമെന്ന് കോടതി.
● പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി.
● ഹൈക്കോടതി വിധിയും സുപ്രീം കോടതി ശരിവെച്ചു.
കണ്ണൂർ: (KVARTHA) മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയത് സിപിഎമ്മിനും പിണറായി വിജയൻ സർക്കാരിനും കേസിലെ ഏക പ്രതിയായ പി.പി. ദിവ്യയ്ക്കും ആശ്വാസമായി. മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന ഭാര്യ മഞ്ജുഷയുടെ വാദം സുപ്രീം കോടതി തള്ളിയതോടെയാണിത്.
പി.പി. ദിവ്യയല്ലാതെ മറ്റാരും ആത്മഹത്യാ പ്രേരണാ കേസിൽ പ്രതിയല്ലെന്ന കേരള പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രം സുപ്രീം കോടതി ശരിവക്കുകയായിരുന്നു. നവീൻ ബാബുവിൻ്റെ മരണത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന സംസ്ഥാന സർക്കാരിൻ്റെയും സിപിഎമ്മിൻ്റെയും വാദം ഉന്നത നീതിപീഠം അംഗീകരിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയോടെ കുടുംബത്തിൻ്റെ നിയമ പോരാട്ടം അവസാനിച്ചുവെന്ന് പറയാം. എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താൻ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിശദമായ വാദം കേട്ട ശേഷമാണ് കേരള ഹൈക്കോടതി സമാനമായ വിധി പുറപ്പെടുവിച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കേരള പൊലീസിൻ്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ആരോപിച്ചാണ് മഞ്ജുഷ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. അവിടെ അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘം കഴിഞ്ഞ മാസം കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ദിവ്യയാണ് ഏക പ്രതി. 2024 ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: The Supreme Court dismissed a petition seeking a CBI investigation into the death of former ADM Naveen Babu, providing relief to the Pinarayi Vijayan government, CPM, and the accused P.P. Divya. The court upheld the police investigation and rejected allegations of conspiracy.
#NaveenBabuCase, #SupremeCourtVerdict, #KeralaNews, #PinarayiVijayan, #CPM, #PPDivya