Investigation Update | എഡിഎം നവീന്‍ ബാബുവിന്റെ മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു; അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്‌ട്രേറ്റിലെ 2 ഉദ്യോഗസ്ഥര്‍ക്ക്
● ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല.
● പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
● സന്ദേശത്തില്‍ ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറുകള്‍.
● കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുത്തു.
കണ്ണൂര്‍: (KVARTHA) ഈ ചൊവ്വാഴ്ച (22.10.2024) ആകുമ്പോള്‍ കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയിട്ട് ഒരാഴ്ച തികയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നവീന്‍ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്. ഇപ്പോള്‍, നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കുമിടയിലാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
അതിനിടെ, എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്‌ട്രേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെന്നാണ് വിവരം. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറുകളാണ് നവീന്‍ ബാബു കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 ന് തന്റെ ഫോണില്‍ നിന്നും അയച്ച സന്ദേശം ഏറെ വൈകിയാണ് ഉദ്യോഗസ്ഥര്‍ കണ്ടത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് നവീന്‍ ബാബുവിന്റെ മരണം നടന്നത്. ഈ സമയത്താകും ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പറുകള്‍ അയച്ച് നല്‍കിയത്. സന്ദേശം ഉദ്യോഗസ്ഥര്‍ കാണുമ്പോഴേക്കും നവീന്‍ ബാബുവിന്റെ മരണവിവരവും പുറത്ത് വന്നിരുന്നു.
സംഭവത്തില്‍ ജീവനൊടുക്കാനുള്ള പ്രേരണക്കുറ്റം ചുമത്തി പ്രതി ചേര്‍ത്ത ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി വസതിയിലെത്തി പൊലീസ്, കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുത്തു.
അതേസമയം പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരനായിരിക്കെ ടി.വി പ്രശാന്ത് പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതില്‍ ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സ്ഥലത്തെത്തും.
അതിനിടെ, എ.ഡി.എം നവീന്‍ ബാബു നിയമം ലംഘിച്ചതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പിന് നിരാക്ഷേപത്രം നല്‍കുന്നത് സംബന്ധിച്ച ഫയലുകളില്‍ കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബു, നിയമപരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന. ജീവനക്കാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. കണ്ടെത്തലുകള്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ റവന്യു വകുപ്പിന് കൈമാറും.
#naveenbabu #death #investigation #kerala #postmortem #corruption #controversy #kannur #collector #police #justicefornaveenbabu