Investigation | ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: ശാരൂഖിനെ ചുറ്റിപ്പറ്റിയുളള ദുരൂഹത നീക്കാന്‍ എന്‍ഐഎ അന്വേഷണം തുടങ്ങി

 


കണ്ണൂര്‍: (www.kvartha.com) ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ശാരൂഖ് സെയ്ഫിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ശാരൂഖിനെതിരെ യുഎപിഎ ചുമത്തിയതിനെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കൊച്ചി എന്‍ഐഎ യൂനിറ്റ് അന്വേഷണം ഏറ്റെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേപ്രകാരമാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. ഇതോടെ അന്വേഷണത്തിന് വേഗം കൂടുമെന്നാണ് പ്രതീക്ഷ. തീവയ്പിന് പിന്നിലെ ലക്ഷ്യം കണ്ടെത്തുകയാണ് എന്‍ഐഎയുടെ പ്രധാന ദൗത്യം.
            
Investigation | ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: ശാരൂഖിനെ ചുറ്റിപ്പറ്റിയുളള ദുരൂഹത നീക്കാന്‍ എന്‍ഐഎ അന്വേഷണം തുടങ്ങി

കേസന്വേഷണം നടത്തിയിരുന്ന കേരള പൊലീസിലെ ക്രൈംബ്രാഞ്ച് സംഘത്തിന് ശാറൂഖിന്റെ യഥാര്‍ഥ ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണ പുരോഗതി കൈവരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേരളാ പൊലീസ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതോടെയാണ് അന്വേഷണം എന്‍ഐഎ അതിവേഗം ഏറ്റെടുത്തത്.
ഡെല്‍ഹിയില്‍ നിന്ന് എത്തി കോഴിക്കോട് ഏലത്തൂരില്‍ അക്രമണം നടത്താന്‍ പ്രതി തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

പലതവണ ക്രൈംബ്രാഞ്ച് സംഘം ചോദിച്ചിട്ടും ഇതിനു വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. തീവയ്പിന് പ്രാദേശിക സഹായം കിട്ടിയിരുന്നുവോ കാര്യത്തിലും വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഷൊര്‍ണൂരില്‍ രാവിലെ എത്തിയ പ്രതി വൈകുന്നേരം വരെ അവിടെ തങ്ങി ആരെയെല്ലാം കണ്ടുവെന്നതിലും പൊലീസിന് ഉത്തരം കിട്ടിയിട്ടില്ല. ഇതിനെല്ലാം ഉത്തരം കണ്ടെത്തുകയാണ് എന്‍ഐഎയുടെ പ്രധാന ദൗത്യം.

അക്രമം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നു മാത്രമാണ് പ്രതി ഇതുവരെ നല്‍കിയിട്ടുളള മൊഴി. ശാരൂഖ് സെയ്ഫിയാണെന്ന് കുറ്റം ചെയ്തതെന്നതിന്റെ എല്ലാതെളിവുകളും ലഭിച്ചതായി എഡിജിപി എംആര്‍ അജിത്കുമാര്‍ വ്യക്തമാക്കിയിരുന്നു. പ്രതി തീവ്രവമായ ആശയങ്ങളില്‍ ആകൃഷ്ടനാണെന്നും തീവ്രവാദസ്വഭാവമുളള വീഡിയോകള്‍ കാണാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് എന്‍ഐഎ അന്വേഷണം നടത്തുക.

Keywords: NIA-News, Elathur-Train-Case, Kannur-News, Elathur Train Case, NIA Investigation, NIA takes over probe in Elathur train arson case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia