Online Scam | കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് സംഘം പിടിമുറുക്കുന്നു; 6 മാസത്തിനിടെയിൽ തട്ടിയെടുത്തത് 13.97 കോടിയെന്ന് പൊലീസ് കമ്മീഷണർ
തട്ടിപ്പുകൾ ഭൂരിഭാഗവും നടന്നത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ്.
കണ്ണൂർ: (KVARTHA) സിറ്റി പൊലീസ് പരിധിയിൽ 2024 ജനുവരി മുതൽ ജൂൺ 31 വരെ ഓൺലൈൻ തട്ടിപ്പു (Online Scam) സംഘം 13. 97 കോടി രൂപ കവർന്നതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ (Kannur City Police Commissioner) ആർ അജിത്ത് കുമാർ വാർത്താസമ്മേളനത്തിൽ (Press conference) അറിയിച്ചു. ആകെ 70 കേസുകളാണ് (Case) ഓൺലൈൻ തട്ടിപ്പ് സംഘത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്തു നിക്ഷേപകരെ ക്ഷണിക്കുന്ന രീതിയിൽ നടന്ന തട്ടിപ്പുകൾ ഭൂരിഭാഗവും നടന്നത് സോഷ്യൽ മീഡിയ (Social Media) പ്ലാറ്റ് ഫോമുകളിലൂടെയാണ്.
ഫേസ്‌ബുക്ക് (Facebook) പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയാണ്. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം (Telegram), വാട്സ് ആപ്പ് (WhatsApp) ഗ്രൂപ്പുകളിൽ ചേർക്കുകയാണ്. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റു കണക്കുകൾ പറഞ്ഞു ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങൾ പുതുതായി ചേരുന്നവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിൽ ഏഴു കേസുകളിലെ പ്രതികളെ പിടികൂടിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ സ്വദേശികളായ അൽഫാസ് സമീർ, വാസിൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഒരു കോടി മുതൽ ഒന്നര കോടി വരെ നഷ്ടപ്പെട്ട കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിവേഗം നൽകിയ പരാതികളിൽ 20 ലക്ഷം രൂപ തിരിച്ചു പിടിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായവർ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി പൊലീസ് ബോധവൽക്കരണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ സാമ്പത്തികമായി കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.