Surrender | എഡിഎമ്മിന്റെ മരണം: പി പി ദിവ്യ പൊലീസ് കസ്റ്റഡിയിൽ; ഒളിവ് ജീവിതത്തിന് അവസാനം
● നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.
● കോടതി മുൻകൂർ ജാമ്യം നിരസിച്ചു.
● പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു.
കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. കണ്ണപുരത്ത് വെച്ചാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്.
തലശേരി പ്രിൻസിപൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയത്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. യാത്രയയപ്പ് യോഗത്തിൽ നടത്തിയ അധിക്ഷേപ പ്രസംഗമാണ് എഡിഎമ്മിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നായിരുന്നു പരാതി.
പൊലീസ് അന്വേഷണത്തിൽ ദിവ്യയുടെ പ്രസംഗം എഡിഎമ്മിനെ വലിയ മാനസിക സമ്മർദത്തിലാക്കിയെന്നും അത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നും കണ്ടെത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു പി പി ദിവ്യ. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ദിവ്യയെ പൊലീസ് ഹാജരാക്കും.
#NaveenBabu #PPDivya #Kannur #KeralaNews #NaveenBabu