Threat | 'പുറത്ത് ഇറങ്ങിയാല്‍ കൊന്ന് കളയും'; അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തു, വീഡിയോ
● ആനക്കര ഗ്രാമ പഞ്ചായത് പരിധിയിലെ സ്‌കൂളിലായിരുന്നു സംഭവം.
● മൊബൈല്‍ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്.
● ചോദ്യം ചെയ്തതോടെ അധ്യാപകരോട് രൂക്ഷ ഭാഷയില്‍ കയര്‍ത്തു.
പാലക്കാട്: (KVARTHA) അധ്യാപകന്റെ മുന്നിലെ കസേരയിലിരുന്ന് കൈ ചൂണ്ടി കൊലവിളി നടത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ അടുത്ത ദിവസം ചേരുന്ന രക്ഷാകര്‍തൃ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
പാലക്കാട് ആനക്കര ഗ്രാമ പഞ്ചായത് പരിധിയിലെ സ്‌കൂളിലായിരുന്നു സംഭവം അരങ്ങേറിയത്. മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിനാണ് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സ്‌കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിടിക്കുകയും ഈ ഫോണ്‍ പ്രധാന അധ്യാപകന്റെ കൈവശം അധ്യാപകന്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇത് ചോദിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്റെ മുറിയില്‍ എത്തിയത്.
ഞെട്ടിക്കുന്ന സംഭവം: പാലക്കാട് സ്കൂളിൽ അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വിദ്യാർത്ഥി pic.twitter.com/5HlF6Iy8LS
— kvartha.com (@kvartha) January 22, 2025
തനിക്ക് മൊബൈല്‍ തിരിച്ച് വേണമെന്ന വാശിയില്‍ ആരേയും കൂസലില്ലാതെ വിദ്യാര്‍ത്ഥി സംസാരിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. അധ്യാപകന്‍ ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി രൂക്ഷ ഭാഷയില്‍ കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി. ദൃശ്യങ്ങള്‍ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
എന്നാല്‍ അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് കിട്ടിയാല്‍ നീ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ 'തീര്‍ക്കും ഞാന്‍, കൊന്നിടും എന്ന് പറഞ്ഞാല്‍ കൊന്നിടും, എന്റെ ഫോണ്‍ താ' എന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. ഇത് പറഞ്ഞ് ഇരുന്നിരുന്ന കസേര വലിച്ചെടുത്ത് വിദ്യാര്‍ഥി അക്രമാസക്തനാകുന്നതും ഇതോടെ വീഡിയോ തീരുകയും ചെയ്യുന്നുണ്ട്. സംഭവം 100% സാക്ഷരതയുള്ള കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഈ വാർത്ത നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.