പറവൂരില്‍ യുവതി വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; സഹോദരി ജിത്തുവിനായി ലുകൗട് നോടിസ്
Dec 30, 2021, 15:46 IST
കൊച്ചി: (www.kvartha.com 30.12.2021) വടക്കന്‍ പറവൂരില്‍ യുവതി വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരി ജിത്തുവിനായി ലുകൗട് നോടിസ്. പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ വീട്ടില്‍ തീപിടിത്തത്തില്‍ മരിച്ചത് മൂത്ത സഹോദരി വിസ്മയയാണെന്ന് (ഷിഞ്ചു 25) പൊലീസ് ഉറപ്പിച്ചതിനെ തുടര്‍ന്നാണ് ശിവാനന്ദന്റെ ഇളയമകളായ ജിത്തു(22)വിനായി അന്വേഷണം ശക്തമാക്കിയത്.
ജിത്തു സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസിന്റെ നടപടി. ജിത്തു ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. വിസ്മയയുടെ മൊബൈല്‍ ഫോണുമായാണ് ജിത്തു ഒളിവില്‍ പോയത്. ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
പറവൂരില്‍ വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ജിത്തുവിന്റെ പ്രണയത്തെ വിസ്മയ എതിര്‍ത്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടുകാരെ ജിത്തു ഉപദ്രവിച്ചിരുന്നതായി നാട്ടുകാരും പറയുന്നു. സംഭവത്തില്‍ സഹോദരിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ചൊവ്വാഴ്ച വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ടെം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിസ്മയയുടെ ശരീരത്തില്‍ നിന്ന് മരണകാരണമായതോ മറ്റോ മുറിവുകള്‍ കണ്ടെത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞതിനിലാണ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത്തെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കാണാതായ മറ്റ് പെണ്‍കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതായും ഈ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ വീടിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.