Arrests | പത്തനംതിട്ടയിലെ ബലാത്സംഗ പരമ്പര: പ്ലസ് ടു വിദ്യാർഥിയക്കം 9 പേർ കൂടി അറസ്റ്റിൽ; 62 പേർ പീഡിപ്പിച്ചെന്ന കേസിൽ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്
● ആകെ അറസ്റ്റിലായവർ 14 ആയി.
● 'പെൺകുട്ടിയുടെ അച്ഛന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ'
● '13 വയസ് മുതൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിനിരയായി'
● 'പരിശീലകർ പോലും പെൺകുട്ടിയെ ചൂഷണം ചെയ്തു'
പത്തനംതിട്ട: (KVARTHA) കായികതാരമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തി. പ്ലസ് ടു വിദ്യാർത്ഥി ഉൾപ്പെടെ ഒമ്പത് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി ഉയർന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) നൽകിയ മൊഴിയിൽ 62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ കേരള സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
ഇപ്പോൾ 18 വയസുള്ള പെൺകുട്ടി നൽകിയ മൊഴിയിൽ, 13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും ഉൾപ്പെടെ നിരവധിപേർ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കൗൺസിലിംഗിലൂടെ 62 പേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം പ്രതികളെ പിടികൂടാൻ ഊർജിതമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദളിത് പെൺകുട്ടിയായതിനാൽ പോക്സോ നിയമത്തിനു പുറമേ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൊണ്ടുപോയാണ് പ്രതികൾ പെൺകുട്ടിയെ ചൂഷണം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണം ചെയ്തതായി പൊലീസ് പറയുന്നു.
അഞ്ചുവർഷത്തെ പീഡന വിവരങ്ങളാണ് പെൺകുട്ടിയിൽ നിന്ന് പൊലീസിന് ലഭിച്ചത്. പെൺകുട്ടിയുടെ അച്ഛന്റെ മൊബൈൽ ഫോണിൽ നിന്നാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. അച്ഛന്റെ ഫോണിലൂടെയായിരുന്നു പ്രതികളുമായി പെൺകുട്ടി ആശയവിനിമയം നടത്തിയിരുന്നത്. പെൺകുട്ടി തന്നെ എഴുതി സൂക്ഷിച്ചിരുന്ന ഡയറിയിൽ നിന്നും കൂടുതൽ പ്രതികളെ തിരിച്ചറിയാൻ സാധിച്ചു. അഞ്ചുവർഷത്തിനിടയിൽ വീട്ടിലുള്ളവർ പോലും പെൺകുട്ടി നേരിട്ട ദുരനുഭവം തിരിച്ചറിഞ്ഞില്ല എന്നാണ് സൂചന. മഹിളാ സമഖ്യ സൊസൈറ്റിക്ക് നൽകിയ വിവരമാണ് കേസിന്റെ ചുരുളഴിച്ചത്.
60-ൽ അധികം പേർക്കെതിരെ മൊഴിയുണ്ടെങ്കിലും 42 പേരെയാണ് നിലവിൽ പൊലീസിന് തിരിച്ചറിയാനായത്. കായികതാരമായ പെൺകുട്ടിയെ ചൂഷണം ചെയ്ത പരിശീലകരും കേസിൽ പ്രതികളാകും. ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവർ മാത്രമല്ല, പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെച്ചവരും കേസിൽ പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായവരിൽ മത്സ്യ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉൾപ്പെടുന്നു. പ്രതികളിലെ 42 പേരുടെ ഫോൺ നമ്പർ പെൺകുട്ടിയുടെ അച്ഛന്റെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അത്ലറ്റായ പെൺകുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലയ്ക്ക് പുറത്തും തിരുവനന്തപുരത്തും എത്തിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
അതിനിടെ പെൺകുട്ടിയെ അഞ്ചംഗ സംഘം പീഡിപ്പിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാരുതി 800 കാറാണ് കസ്റ്റഡിയിലെടുത്തത്. കാറിൽ വെച്ച് പീഡനം നടന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. പരമാവധി പ്രതികളെ ഉടൻ പിടികൂടാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഡിഐജി അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നുണ്ട്.
#Pathanamthitta, #KeralaCrime, #SexualAssault, #ChildAbuse, #POCSO, #CrimeNews