Verdict | പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായക വിധി; 14 പ്രതികൾ കുറ്റക്കാർ

 
Periya Murder Case Verdict
Periya Murder Case Verdict

Photo: Arranged

● സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.
● 2019 ഫെബ്രുവരി 17നാണ് കൊലപാതകം നടന്നത്.
● കൊല്ലപ്പെട്ടവർ യൂത് കോൺഗ്രസ് പ്രവർത്തകരായിരുന്നു
.

കൊച്ചി: (KVARTHA) കാസർകോട് പെരിയയിൽ യൂത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  14 പ്രതികൾ കുറ്റക്കാരെന്ന് കൊച്ചി സിബിഐ കോടതി വിധി പ്രസ്താവിച്ചു. രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ ഈ കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, സിപിഎം മുൻ ലോകൽ കമിറ്റി അംഗം പീതാംബരൻ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ എന്നിവരടക്കമുള്ളവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.

എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽ കുമാർ, ജിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ എന്ന അപ്പു, സുബീഷ് എന്ന മണി, എ മുരളി, ടി രഞ്ജിത്ത് എന്ന അപ്പു, കെ മണികണ്ഠൻ, എ സുരേന്ദ്രൻ എന്ന വിഷ്ണു സുര, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരാണ് കുറ്റക്കാർ. പ്രദീപ് കുട്ടൻ, ബി. മണികണ്ഠൻ, എൻ ബാലകൃഷ്ണൻ, എ മധു എന്ന ശാസ്ത മധു, റെജി വർഗീസ്, എ. ഹരിപ്രസാദ്, പി രാജേഷ്, വി ഗോപകുമാർ, പി വി സന്ദീപ് എന്നീ 10 പേരെ കേസിൽ വെറുതെ വിട്ടു.

2019 ഫെബ്രുവരി 17 ന് രാത്രി ഏഴരയോടെയാണ് പെരിയ കല്യോട്ട് കൂരാങ്കര റോഡിൽ വെച്ച് ബൈകിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസിന്റെ ആദ്യഘട്ട അന്വേഷണം ലോകൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് നടത്തിയത്. എന്നാൽ, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

സിബിഐ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
24 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. 14 പേരെ ക്രൈംബ്രാഞ്ചും 10 പേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്. ജഡ്‌ജ്‌ ശേഷാദ്രിനാഥാണ് വിധി പ്രസ്താവിച്ചത്

 

#PeriyaMurder #KeralaPolitics #CBIVerdict #PoliticalViolence #YouthCongress #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia