Celebrity Visit | ലഹരി കേസ്: അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ സിനിമാതാരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും സന്ദര്‍ശിച്ചെന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്
● ആകെ ബുക്ക് ചെയ്തിരുന്നത് മൂന്ന് മുറികള്‍
● കണ്ടെത്തിയത് കൊക്കെയ്‌നും മദ്യവും
● പ്രതികള്‍ ജാമ്യത്തിലിറങ്ങി
കൊച്ചി: (KVARTHA) ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ സിനിമാതാരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും അടക്കമുള്ളവര്‍ സന്ദര്‍ശിച്ചെന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കൊച്ചി മരടില്‍ ഓംപ്രകാശ് താമസിച്ച ആഡംബര ഹോട്ടലിലെ മുറിയിലാണ് സിനിമാതാരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശ്രീനാഥിനും പ്രയാഗയ്ക്കും പുറമേ ഇരുപതോളം പേര്‍ കൂടി ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ചതായുള്ള വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇതെന്തിനാണെന്ന കാര്യത്തിലാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.
ഹോട്ടലില്‍ നടന്ന അലന്‍ വോക്കറുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തും എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞദിവസമാണ് ലഹരി കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മുറിയില്‍ നിന്നും കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകളും അളവില്‍ കൂടുതല്‍ മദ്യവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരുന്നു. കുറഞ്ഞ അളവിലുള്ള കൊക്കെയ്നാണ് കണ്ടെടുത്തത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ അടക്കം പ്രതിയാണ് അറസ്റ്റിലായ ഓം പ്രകാശ് എന്ന് പൊലീസ് പറഞ്ഞു. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നായിരുന്നു പാറ്റൂരിലെ ഏറ്റുമുട്ടല്‍. കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം തലസ്ഥാനത്തെ മണ്ണ് മാഫിയയെ ഇടക്കാലത്ത് നിയന്ത്രിച്ചിരുന്നത് ഓം പ്രകാശായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിന് പിന്നാലെയുണ്ടായ ലൈംഗികാതിക്രമ കേസുകളിലും വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മലയാള സിനിമയെ പിടിച്ചുലച്ച് ഓംപ്രകാശിന്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുറത്തുവരുന്നത്.
#OmPrakash #DrugCase #CelebrityVisit #Kochi #KeralaPolice #Investigation