Police Says | തളിപറമ്പില്‍ ബാങ്ക് തട്ടിപ്പുകള്‍ തുടര്‍കഥയാകുന്നു; ജീവനക്കാരും പങ്കാളികളെന്ന് പൊലീസ്

 


തളിപറമ്പ്: (www.kvartha.com) തളിപറമ്പില്‍ അടിക്കടി മുക്കുപണ്ട തട്ടിപ്പുകള്‍ അരങ്ങേറുന്നതിന്റെ മുഖ്യകാരണം ബാങ്കുകളുടെ കുറ്റകരമായ അനാസ്ഥയെന്ന് ആരോപണം. ബാങ്കില്‍ പണയം വെച്ച സ്വര്‍ണം മുക്കുപണ്ടമാണെന്ന് കണ്ടാല്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കാനോ കുറ്റവാളകളെ ശിക്ഷിപ്പിക്കുന്നതിനോ ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ല. പകരം വിഷയം മൂടിവയ്ക്കാനും ഒത്തുതീര്‍പ്പുണ്ടാക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്.

കേസിന് പോയാല്‍ പണം ലഭിക്കില്ലെന്നും ഇതു ജീവനക്കാരില്‍നിന്നും ഈടാക്കുമെന്നാണ് ഇതിന് ബാങ്ക് ജീവനക്കാര്‍ പറയുന്ന ന്യായം. ഇതു ഒരുപരിധിവരെ ശരിയാണെങ്കിലും ഇതിന്റെ മറവില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയാണ്. കേരളബാങ്കിലെ തളിപറമ്പ് ശാഖയില്‍ നിന്ന്മാനേജര്‍ ഉള്‍പ്പെടെ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയപ്പോഴും പരാതി നല്‍കാന്‍ ബാങ്ക് തയ്യാറായിരുന്നില്ല. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് അപ്രൈസറുടെ സഹായേത്തടൊയാണ് മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇതു സംബന്ധിച്ചു വാര്‍ത്തകള്‍ വന്നപ്പോള്‍ മാത്രമാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്.

Police Says | തളിപറമ്പില്‍ ബാങ്ക് തട്ടിപ്പുകള്‍ തുടര്‍കഥയാകുന്നു; ജീവനക്കാരും പങ്കാളികളെന്ന് പൊലീസ്

കഴിഞ്ഞ ദിവസം മുക്കാല്‍കോടിയുടെ സ്വര്‍ണപണയതട്ടിപ്പുനടന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും സ്ഥിതി ഇതിനു സമാനമാണ്. തട്ടിപ്പു കണ്ടുപിടിച്ച് മാസങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് പരാതി നല്‍കാന്‍ അധികൃതര്‍ തയ്യാറായത്. ഇതു കൂടാതെ അടുത്ത കാലത്ത് മറ്റു മൂന്നു ബാങ്കുകളിലും തട്ടിപ്പു കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ സംഭവങ്ങളില്‍ പരാതി നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. പലതട്ടിപ്പുകളിലും ബാങ്ക് ജീവനക്കാര്‍ കൂടി പങ്കാളികളാകുന്നതിനാലാണ് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

അപ്രൈസര്‍ കൈക്കൊണ്ടു ഉരിച്ചു നോക്കുമ്പോള്‍ സ്വര്‍ണം ഒറിജിനലാണോയെന്നു മനസിലായില്ലെങ്കിലും കാരറ്റ് പരിശോധിക്കുന്ന മിഷ്യനില്‍ ഈ തട്ടിപ്പുകണ്ടുപിടിക്കാന്‍ കഴിയാത്തതാണ് സംശയം ജനിപ്പിക്കുന്നത്. ഇതിനിടെ തളിപറമ്പ് ചിവറക്കിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ നിന്നും 2.73 കിലോ മുക്കുപണ്ടം പണയംവച്ച് 72.70ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ വീണ്ടും പൊലിസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. ഇയാളെ തളിപറമ്പ് കോടതിയില്‍ റിമാന്‍ഡ് ചെയ്തതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോഴുളളത്.

പണം തട്ടിയെടുത്ത ബാങ്കില്‍ ഉള്‍പെടെ ഈയാളെയും കൊണ്ടു തെളിവെടുപ്പ് നടത്തും. തൃക്കരിപ്പൂര്‍ പഞ്ചായത് പരിധിയില്‍പട്ട ജാഫര്‍ (35) മറ്റു തട്ടിപ്പുകേസുകളിലും പങ്കാളിയാണെന്നാണ് പൊലീസ് പറയുന്നത്. തൃക്കരിപ്പൂര്‍ പെട്രോള്‍ പമ്പിന് സമീപം സ്ഥലം ലീസിനെടുത്ത് മത്സ്യ, പച്ചക്കറി വില്‍പന ഷോപ് ജാഫര്‍ ആരംഭിച്ചിരുന്നു. ഈ സ്ഥാപനത്തിലേക്കുള്ള മത്സ്യം വാങ്ങിയ വകയില്‍ തളിപറമ്പിലെ മൊത്ത മത്സ്യവിതരണക്കാരായ എംഎആര്‍ ആന്‍ഡ് എംഎസ് സ്ഥാപനത്തിന് 2,40,000 രൂപ ജാഫര്‍ നല്‍കാനുണ്ട്.

ഇതു സംബന്ധിച്ച് ഈ സ്ഥാപന ഉടമകള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് വാര്‍ഡംഗം മുസ്ലിം ലീഗുകാരനായ ഫയാസ് മധ്യസ്ഥത വഹിച്ച് പണം ഉടന്‍ നല്‍കാമെന്ന ധാരണയില്‍ കേസ് പിന്‍വലിക്കുകയായിരുന്നു. എന്നിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എംഎആര്‍ ആന്‍ഡ് എംഎസ് സ്ഥാപന ഉടമകള്‍ തളിപറമ്പ് പൊലീസിലും പരാതി നല്‍കിയിരുന്നു.

Keywords: News, Kerala, Bank, Police, Crime, Fraud, Bank, Police say bank employees are also involved in bank frauds.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia