Investigation | ‘പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ഹെൽമെറ്റ് കൊണ്ട് അടിച്ചു പരുക്കേൽപിക്കും’, ബൈക്ക് യാത്രക്കാരനെ തേടി പൊലീസ്
രണ്ടാഴ്ചയിലേറെക്കാലമായി തുടർച്ചയായി അക്രമം നടത്തുന്ന യുവാവിനെ കണ്ടെത്താൻ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും സാധിച്ചിരുന്നില്ല
കണ്ണൂർ: (KVARTHA) കരിവെള്ളൂരിൽ പ്രഭാത സവാരിക്കായി ഇറങ്ങുന്ന സ്ത്രീകളെ ഹെൽമെറ്റു കൊണ്ടു അടിച്ചു പരുക്കേൽപ്പിക്കുന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കി. കരിവെള്ളൂരിന് സമീപം പുത്തൂർ, കൊഴുമ്മൽ, പെരളം എന്നിവിടങ്ങളിലാണ് പ്രഭാത സവാരിക്കാരായ സ്ത്രീകളെ ബൈക്കിലെത്തി പിൻഭാഗത്ത് ഹെൽമെറ്റു കൊണ്ടു മർദിച്ച് യുവാവ് കടന്നു കളഞ്ഞത്.
ഇതുവരെയായി പത്തു സ്ത്രീകൾക്കാണ് മർദനമേറ്റത്. രണ്ടാഴ്ചയിലേറെക്കാലമായി തുടർച്ചയായി അക്രമം നടത്തുന്ന യുവാവിനെ കണ്ടെത്താൻ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. അടിയേറ്റ സ്ത്രീകൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു മുൻപിലെ റോഡരികിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന സ്ത്രീക്കും അജ്ഞാത യുവാവിൻ്റെ അടിയേറ്റു പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.