Investigation | എഡിഎമ്മിന്റെ മരണം: കണ്ണൂര്‍ ജില്ലാ പഞ്ചായത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ജാമ്യ ഹര്‍ജി അഞ്ചിലേക്ക് മാറ്റി
● ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.
● കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
● ചോദ്യം ചെയ്യല്‍ കണ്ണൂര്‍ എസിപി ടികെ രത്‌നകുമാറിന്റെ ഓഫീസില്‍വെച്ച്.
കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യയെ (PP Divya) വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണി വരെ ദിവ്യയെ ചോദ്യം ചെയ്യാനായാണ് സമയം അനുവദിച്ചത്. ഇതിനുശേഷം തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാനായി ദിവ്യയെ കസ്റ്റഡിയില്‍ കൈമാറാന്‍ ഉത്തരവിട്ടത്. കണ്ണൂര്‍ എസിപി ടികെ രത്‌നകുമാറിന്റെ ഓഫീസില്‍വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
ദിവ്യയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചിരുന്നു.
അതിനിടെ ജിവ്യയുടെ ജാമ്യ ഹര്‍ജി തലശ്ശേരി കോടതി അഞ്ചിലേക്ക് പരിഗണിക്കുന്നതിനായി മാറ്റി. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേര്‍ന്നിട്ടുണ്ട്. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
#PPDivya #NaveenBabuCase #KeralaNews #Arrest #Investigation #BailPlea