Probe | കൊച്ചിയില്‍ വാടകവീട്ടില്‍ കൊല്ലപ്പെട്ടത് നേപാളി യുവതി തന്നെയെന്ന് സ്ഥിരീകരണം; ഒപ്പമുണ്ടായിരുന്ന പങ്കാളിക്കായി തിരച്ചില്‍ ഊര്‍ജിതം
Oct 27, 2022, 09:02 IST
കൊച്ചി: (www.kvartha.com) എളംകുളത്ത് വാടകവീട്ടില്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപാള്‍ സ്വദേശിനി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടതെന്ന് സൗത് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. നേപാളില്‍ ഇവരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ലക്ഷ്മി എന്ന പേരിലാണ് ഇവര്‍ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്നതെന്നും ഒപ്പം താമസിച്ചിരുന്ന നേപാള്‍ സ്വദശി റാം ബഹദൂര്‍നായി തിരച്ചില്‍ തുടരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ മൂന്നു മണിയോടെ ലക്ഷ്മി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ടത്തില്‍നിന്ന് വ്യക്തമാകുന്നത്. അന്നു രാത്രി തന്നെ റാം ബഹദൂര്‍ സ്ഥലംവിട്ടു.
മൃതദേഹം അഴുകിയാലും ദുര്‍ഗന്ധം പുറത്തുവരുന്നത് തടയാന്‍ ആദ്യം പ്ലാസ്റ്റിക് കവറിലും പിന്നീട് പുതപ്പിലും കമ്പിളിയിലുമായി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു. കൊലപാതക വിവരം മറച്ചുവയ്ക്കുന്നതിനപ്പുറം രാജ്യം വിടാനുള്ള സമയം ഉറപ്പാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു.
റാം ബഹാദൂറിനൊപ്പം ജോലിക്കെന്ന പേരില്‍ നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭഗീരഥി കൊച്ചിയില്‍ എത്തിയത്. ഇവര്‍ വിവാഹിതരല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകശേഷം ഒളിവില്‍ പോയ റാം ബഹാദൂറിനായി അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മൊബൈല്‍ ഫോണുകള്‍ക്ക് പുറമേ തിരിച്ചറിയല്‍ രേഖകളുമടക്കമാണ് ഇയാള്‍ കടന്നത്. ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ നാലു ദിവസങ്ങള്‍ക്കു മുന്‍പേ ഉപേക്ഷിച്ച് പകരം മറ്റൊരു നമ്പറാണ് ഉപയോഗിച്ചിരുന്നത്. റാം ബഹദൂര്‍ എന്ന പേരു പോലും വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം.
10 വര്‍ഷത്തിലേറെയായി ഇയാള്‍ കൊച്ചിയിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊച്ചിയിലെ വിഗ് നിര്‍മിച്ച് നല്‍കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന ഇയാള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വിഗ് നിര്‍മാണം സ്വന്തമായി ആരംഭിച്ചു. കൊലപാതകത്തില്‍ കൂടുതല്‍ പേരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം കളമശേരി മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.