Police Says | ഉദയ്പൂരില്‍ റെയില്‍വെ ട്രാക് പൊട്ടിത്തെറിച്ച സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ്
ഉദയ്പൂര്‍: (www.kvartha.com) ഉദയ്പൂരില്‍ ശനിയാഴ്ച റെയില്‍വെ ട്രാക് പൊട്ടിത്തെറിച്ച സംഭവം ഭീകരാക്രമണമാണെന്നും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്നും രാജസ്ഥാന്‍ പൊലീസ്. ശനിയാഴ്ച രാത്രി ഏഴ് മണി മുതല്‍ 7.15 വരെയാണ് ഓട ഗ്രാമത്തിലെ പ്രദേശവാസികള്‍ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പൊലീസ് കണ്ടെത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.
പൊട്ടിത്തെറിച്ച റെയില്‍വെ ട്രാകുകളും സ്ഫോടക വസ്തുക്കളും ഉരുക്ക് മാലിന്യവുമാണ് കണ്ടതെന്ന് ശബ്ദം കേട്ട് റെയില്‍വെ ട്രാകിലെത്തിയ നാട്ടുകാര്‍ പറയുന്നു. ട്രാകില്‍ സ്ഫോടകവസ്തുക്കള്‍ വച്ചാണ് പൊട്ടിത്തെറി ഉണ്ടാക്കിയത്. ഇത് സാധാരണക്കാരില്‍ ഭീതി സൃഷ്ടിച്ച് രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പൊലീസ് വ്യക്തമാക്കി.
യുഎപിഎ നിയമത്തിലെ സെക്ഷന്‍ 16 , സെക്ഷന്‍ 18 (ഭീകരപ്രവര്‍ത്തനം നടത്തുകയോ നടത്താനുദ്ദേശിക്കുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഫോടകവസ്തു നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍, ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 150, 151, 285, പൊതുജനങ്ങള്‍ക്കും സ്വത്തിനും നാശനഷ്ടം വരുത്തുന്നത് തടയുന്ന നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡിസംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടി ഷെര്‍പ മീറ്റിംഗിന്റെ ക്രമീകരണങ്ങള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉദയ്പൂരിലെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് സ്‌ഫോടനം നടന്നതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: News, National, Police, Crime, Blast, Railway Track, Rajasthan Police hint at terror links in Udaipur railway track blast.