Details | '18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഹോസ്റ്റലിൽ വിറ്റിരുന്നത് 24000 രൂപയ്ക്ക്, 6000 രൂപ ലാഭം'! കളമശ്ശേരി പോളിയിലെ ലഹരിവേട്ടയിൽ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


● ഒഡീഷ സ്വദേശിയാണ് പ്രധാന വിതരണക്കാരൻ.
● നാല് പൊതി കഞ്ചാവ് ഹോസ്റ്റലിൽ എത്തിച്ചിരുന്നു.
● കഞ്ചാവ് തൂക്കി പാക്ക് ചെയ്യാനുള്ള ഇലക്ട്രോണിക് ത്രാസ് കണ്ടെത്തിയിരുന്നു.
കൊച്ചി: (KVARTHA) കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നടന്ന കഞ്ചാവ് വേട്ടയിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അറസ്റ്റിലായ ഷാലിഖ് പൊലീസിന് നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. ഒരു ബണ്ടിൽ കഞ്ചാവ് വിറ്റാൽ 6000 രൂപ ലാഭം ലഭിച്ചിരുന്നതായി ഷാലിഖ് മൊഴി നൽകി. പുറത്തുനിന്ന് 18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഹോസ്റ്റലിൽ 24000 രൂപയ്ക്കാണ് വിറ്റിരുന്നത്.
നേരത്തെ നാല് പൊതി കഞ്ചാവ് ഹോസ്റ്റലിൽ എത്തിച്ചിരുന്നതായും കെ എസ് യു പ്രവർത്തകനായ ഷാലിഖ് പൊലീസിനോട് പറഞ്ഞിരുന്നു. കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന ഒഡീഷ സ്വദേശിയെ പൊലീസ് അന്വേഷിച്ചു വരികയാണ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾ ആലുവയിലാണ് താമസിക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കർശനമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് പൊലീസും ഡാൻസാഫ് ടീമും പോളിടെക്‌നിക് മെൻസ് ഹോസ്റ്റൽ 'പെരിയാറിൽ' പരിശോധന നടത്തിയത്. 1.909 കിലോഗ്രാം കഞ്ചാവുമായാണ് കൊല്ലം സ്വദേശി എം ആകാശിനെ (21) പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു മുറിയിൽ നടത്തിയ പരിശോധനയിൽ 9.7 ഗ്രാം കഞ്ചാവുമായി ഹരിപ്പാട് സ്വദേശി ആദിത്യൻ കെ സുനിൽ (20), കരുനാഗപ്പള്ളി സ്വദേശി ആർ അഭിരാജ് (21) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂന്നുപേരും അവസാന വർഷ വിദ്യാർത്ഥികളാണ്. ആകാശിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടുപേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അലമാരയിൽ വലിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചില്ലറ വിൽപ്പനയ്ക്കായി കഞ്ചാവ് തൂക്കി പാക്ക് ചെയ്യാനുള്ള ഇലക്ട്രോണിക് ത്രാസ്, പാക്കറ്റുകൾ, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങൾ, പൊടിക്കാനും ബീഡിയാക്കി തെറുക്കാനുമുള്ള ഉപകരണങ്ങൾ എന്നിവയും പൊലീസ് നടത്തിയ പരിശോധനയിൽ മുറികളിൽ നിന്ന് കണ്ടെത്തി. ഹോസ്റ്റലിൽ കഞ്ചാവ് എത്തുന്നത് മിക്ക വിദ്യാർത്ഥികളും അറിഞ്ഞിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഞ്ചാവ് എത്തിച്ചത് കേവലം ഉപയോഗത്തിന് വേണ്ടി മാത്രമല്ല, പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിൽപ്പനയ്ക്ക് വേണ്ടി കൂടിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൂർവ വിദ്യാർത്ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവരാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവരും അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ മൊഴി അനുസരിച്ച് നാല് കിലോഗ്രാമോളം കഞ്ചാവ് ഹോസ്റ്റലിൽ എത്തി കൈമാറിയിട്ടുണ്ട്. നിലവിൽ അന്വേഷണം പോളിടെക്‌നിക് ഹോസ്റ്റലിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ലഹരി മാഫിയയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Drug bust at Kalamasery Polytechnic Hostel, with cannabis being sold for a profit of Rs. 6,000 per bundle, leading to multiple arrests.
#DrugBust #Cannabis #Kalamasery #HostelDrugs #KeralaNews #Arrests