Remanded | മോഡലുകളുടെ മരണമടക്കം കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിയായ സൈജു തങ്കച്ചൻ റിമാൻഡിൽ
കൊച്ചി: (KVARTHA) മോഡലുകളുടെ മരണം, 'നമ്പർ 18' കേസ് എന്നിവ ഉൾപ്പെടെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിയായ സൈജു തങ്കച്ചൻ റിമാൻഡിൽ. കൊടുങ്ങല്ലൂർ സ്വദേശിയായ അഭിനന്ദിനെ വിളിച്ചു വരുത്തി റിസോർട്ടിൽ തടഞ്ഞുവച്ച് മർദിച്ച് ആഡംബര കാറുമാറി കടന്നുവെന്ന കേസിലാണ് അറസ്റ്റിലായത്. മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന എന്നീ യുവതികൾ 2021ൽ വാഹനാപകടത്തിൽ മരിച്ച കേസ് ഏറെ ചർച്ചയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ സന്യാസി നമ്പർ 18 കേസിൽ നിന്നടക്കം രക്ഷപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ കൈക്കാലാക്കിട്ടും ഒരു സഹായവും ചെയ്യാത്തതിന്റ വിരോധത്തിൽ സ്വാമിയെ പരിചയപ്പെടുത്തിയ അഭിനന്ദിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ബിസിനസ് സംബന്ധമായ കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേനയാണ് ഇയാളെ വിളിച്ചുവരുത്തിയതെന്നാണ് പറയുന്നത്.
കേസിൽ സൈജു തങ്കച്ചന്റെ സുഹൃത്ത് റഈസ്, ഇയാളുടെ ഭാര്യ റമീസ് എന്നിവരും പ്രതികളാണ്. ഇവർക്കായി എറണാകുളം സൗത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്. അഭിനന്ദിന്റെ ഹോണ്ട അമേസ് കാർ കവർച്ച ചെയ്തുവെന്നാണ് ആരോപണം. എറണാകുളം സൗത്ത്, പാലാരിവട്ടം, ഇൻഫോപാർക്ക്, പനങ്ങാട്, മരട്, ഫോർട്ട് കൊച്ചി, തൃക്കാക്കര, ഇടുക്കി തുടങ്ങി നിരവധി സ്റ്റേഷനുകളിൽ സൈജുവിനെതിരെ കേസുകൾ നിലവിലുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊച്ചി നഗരത്തിലെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കുപ്രസിദ്ധമായ 'നമ്പർ 18' കേസ്.