Police FIR | കാര്യവട്ടം കാംപസിലെ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം: ഇരുവിഭാഗത്തിനെതിരെയും കേസെടുത്ത് പൊലീസ്; അടിയന്തരമായി റിപോർട് തേടി വൈസ് ചാൻസിലർ
കാര്യവട്ടം കാംപസിൽ എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു ജില്ലാ ജെനറൽ സെക്രടറി സാൻജോസിനെ ഇടിമുറിയിൽ പൂട്ടി മർദിച്ചുവെന്നാണ് ആരോപണം
തിരുവനന്തപുരം: (KVARTHA) കാര്യവട്ടം കോളജ് കാംപസിൽ എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. ഇരുവിഭാഗത്തിന്റെയും പരാതിയിലാണ് കേസ്. എസ്എഫ്ഐ പ്രവർത്തകർ എം വിൻസെന്റ് എംഎൽഎയെ തടഞ്ഞ് കയ്യേറ്റം ചെയ്തതായും കെഎസ്‌യു ആരോപിക്കുന്നു. ഈ പരാതിയിലും കേസ് എടുത്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഘർഷം തുടങ്ങിയത്. കാര്യവട്ടം കാംപസിൽ എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു ജില്ലാ ജനറൽ സെക്രടറി സാൻജോസിനെ ഇടിമുറിയിൽ പൂട്ടി മർദിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഇവിടേക്ക് എസ് എഫ് ഐ പ്രവർത്തകർ കൂടി എത്തിയതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ പിന്നീട് ഏറ്റുമുട്ടൽ ഉണ്ടായി.
ഏറ്റുമുട്ടലിൽ ഒരു കെഎസ്‌യു പ്രവർത്തകനും ഒരു പൊലീസുകാരനും പരുക്കേറ്റു. സംഘർഷത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നിധ്യമുണ്ട്. ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. സാൻജോസിൻ്റെ പരാതിയിലാണ് എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, കെഎസ്‌യു ജില്ലാ ജനറൽ സെക്രടറി സാൻജോസിനെ എസ്എഫ്ഐ പ്രവർത്തകർ ഹോസ്റ്റലിലെ ഇടിമുറിയിൽ പൂട്ടിയിട്ട് മർദിച്ചുവെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപോർട് സമർപ്പിക്കാൻ കേരള സർവകലാശാല വിസി ഡോ. മോഹൻ കുന്നുമ്മേൽ രജിസ്ട്രാർക്ക് നിർദേശം നൽകി.