Serial Murder | ലജ്ജിക്കുക, പ്രബുദ്ധ കേരളമേ! ചോരക്കളമായി വെഞ്ഞാറമൂട്; ഇനിയും ചെന്താമരമാർ വിരിയും


● 23 വയസ്സുകാരൻ്റെ ക്രൂരത ഞെട്ടിക്കുന്നതാണ്.
● കേരളത്തിൽ ക്രൈം കേസുകൾ വർധിക്കുന്നു.
● പ്രതിക്ക് യാതൊരു കൂസലുമില്ലായിരുന്നു.
ഭാമനാവത്ത്
(KVARTHA) കഴിഞ്ഞ കുറെ കാലമായി കൂട്ടക്കൊലകളുടെ വാർത്തകൾ കേട്ട് നടുങ്ങുകയാണ് കേരളീയ സമൂഹം. അത്രയധികം ക്രിമിനൽവൽക്കരിക്കപ്പെട്ട കണ്ണിൽ ചോരയില്ലാത്ത ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു. നമ്മുടെ സിനിമകൾ ഉൾപ്പെടെ അറപ്പില്ലാത്ത ചോര വീഴ്ത്തുന്ന ദൃശ്യങ്ങളാണ് മഹത്വവൽക്കരിക്കുന്നത്. ഈ ഭൂമിയിൽ ഞാൻ മാത്രം മതിയെന്ന മാർക്കോ തിയറിയാണ് ചെന്താമരയടക്കമുള്ള ക്രിമിനലുകളെ സ്വാധീനിക്കുന്നത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി വെറും 23 വയസുള്ള പയ്യനാണെന്ന് ഓർക്കണം. ഇതിന് മാസങ്ങൾക്കു മുൻപും തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. അതിൽ ഏറ്റവും പൈശാചികമാണ് വെഞ്ഞാറമൂടിലേത്.
മാതാപിതാക്കളെ കൊല്ലുന്ന മക്കൾ, കാമുകിയെ ചുട്ടെരിക്കുന്ന കമിതാവ്, ഭാര്യയെയും മക്കളെയും ഇല്ലാതാക്കി സ്വയം ജീവനൊടുക്കുന്ന ഗൃഹനാഥൻ, ജീവനൊടുക്കുന്ന കുട്ടികൾ ഇങ്ങനെ നടുക്കുന്ന വാർത്തകൾ കേട്ട് മനസ് മരവിക്കുകയാണ്. വെറും ചാവ് നിലമായി മാറുകയാണ് ഈ കേരളം. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ യാതൊരു കുറ്റബോധവും കാണിക്കുന്നില്ലെന്നതാണ് വസ്തുത.
ഒരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് പ്രതി അഫാൻ മൊഴി നൽകിയത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയത്. എലിവിഷം കഴിച്ചിരുന്നെന്നും മദ്യപിച്ചിരുന്നെന്നും സ്റ്റേഷനിലെത്തിയ അഫാൻ നൽകിയ ആദ്യ മൊഴിയിൽ പറഞ്ഞിരുന്നു. കൊലപാതകങ്ങൾ നടത്തിയ ശേഷം കുളിച്ചുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്നമാണെന്നാണ് നിഗമനം.
ഫർസാനയുമായി ജീവിക്കാൻ പണമില്ലാത്തത് പ്രധാന കാരണമെന്നും പ്രാഥമിക വിലയിരുത്തലുണ്ട്. കുടുംബത്തിന് സാമ്പത്തിക ബുദ്ധി ബുദ്ധിമുട്ടുള്ളതിനാൽ വീട്ടിൽ നിന്നും അഫാന് പണം ലഭിച്ചിരുന്നില്ല. ഇതെല്ലാം കൊലപാതകത്തിന് കാരണമായിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷോൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.
കൂടുതൽ സ്വർണം നൽകാതെ വന്നതോടെ മുത്തശിയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ലെന്നാണ് പറയുന്നത്. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്.
പിന്നീട് സഹോദരൻ സ്കൂളിൽ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം സഹോദരനെ മന്തി വാങ്ങാൻ വിടുന്നു. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. മന്തിയും ചിതറിയ 500 രൂപ നോട്ടുകളും അഫാൻ്റെ വീട്ടിൽ കിടപ്പുണ്ട്. സിറ്റൗട്ടില്‍ വസ്ത്രങ്ങളും ചിതറി കിടപ്പുണ്ട്. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതിമൊഴി നൽകിയിട്ടുണ്ട്. പിന്നാലെയാണ് എലിവിഷം കഴിച്ചതിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നത്.
കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ കേട്ടുകേൾവിയില്ലാത്തതാണ് ഈ സീരിയൽ കൊലപാതകം. വെറും 23 വയസുകാരനെ ഇതിൽ നിന്നും പിൻതിരിപ്പിക്കാൻ മതമൂല്യങ്ങൾക്കോ ധാർമ്മികവും പര സ്നേഹം നിറഞ്ഞ മനസിനോ കഴിഞ്ഞില്ല. എല്ലാം പരാജയപ്പെട്ടിടത്ത് ആയുധമേന്തിയ കൈകൾ ഉയരുകയായിരുന്നു. ഒറ്റവാക്കിൽ പറയാനുള്ളത് ഇത്രമാത്രം, ലജ്ജിക്കുക പ്രബുദ്ധകേരളമേ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A 23-year-old man committed a series of gruesome murders in Venjaramoodu, Kerala. The crime spree, motivated by financial problems, shocked the nation.
#KeralaCrime #SerialMurder #ShockingNews #CrimeNews #MurderSpree #Venjaramoodu