Murder Case | ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അറസ്റ്റ് ഉടന്‍; വീടിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയില്‍
Oct 31, 2022, 09:19 IST
തിരുവനന്തപുരം: (www.kvartha.com) പാറശ്ശാല സ്വദേശി ഷാരോണ്‍ കൊലപാതകക്കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്ത നിലയിലാണ്. രാത്രിയാണ് അജ്ഞാതര്‍ വീടിന് നേരെ ആക്രമണം നടത്തിയതെന്ന് അയല്‍വാസികള്‍ അറിയിച്ചു. പാറശ്ശാലയിലെ തമിഴ്‌നാട്ടില്‍ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് നേരെയാണ് ആക്രമണം നടന്നത്.
വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ് ഉളളത്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ ഞായറാഴ്ച ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാര്‍പിച്ചിട്ടുണ്ടെന്നാണ് വിവരം. ഷാരോണിന് ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത് ശ്രീനിലയത്തില്‍ വച്ചാണെന്നാണ് കണ്ടെത്തല്‍.
പൊലീസ് പറയുന്നത്: ഷാരോണിന് കഷായത്തില്‍ കീടനാശിനി കലക്കി നല്‍കിയെന്ന് കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഷായം കുറിച്ച് നല്‍കിയെന്ന് പറയുന്ന ആയുര്‍വേദ ഡോക്ടറുടെയും ഓടോ റിക്ഷാ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാന്‍ പൊലീസിന് ഏറ്റവും സഹായകരമായത്. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി.
കഷായം കുറിച്ചുനല്‍കിയെന്ന് ഗ്രീഷ്മ അവകാശപ്പെട്ട ആയുര്‍വേദ ഡോക്ടര്‍ അരുണ്‍ അത് തള്ളിക്കളയുകയായിരുന്നു. ഷാരോണിന് നല്‍കിയ അതേ ജ്യൂസ് കുടിച്ച അമ്മയ്‌ക്കൊപ്പം വന്ന ഓടോ റിക്ഷാ ഡ്രൈവര്‍ക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് ഡ്രൈവര്‍ പ്രദീപ് മൊഴി നല്‍കിയത്. ഷാരോണ്‍ ആശുപത്രിയില്‍ കഴിയവേ കഷായത്തിന്റെ പേര് വെളിപ്പെടുത്താതെ ഷാരോണിന്റെ കുടുംബത്തെ വട്ടംകറക്കുകയായിരുന്നു.
ചികില്‍സയ്ക്ക് കഷായത്തിന്റെ പേര് അറിയണമെന്ന സഹോദരന്‍ ഷിമോന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗ്രീഷ്മ പറഞ്ഞില്ല. കഷായ കുപ്പിയുടെ അടപ്പില്‍ അതിന്റെ ബാച് നമ്പറുണ്ടാകുമെന്ന് ഷിമോന്‍ പറഞ്ഞപ്പോള്‍ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവച്ചതാണ് ഷാരോണിന് നല്‍കിയതെന്നുമാണ് ഗ്രീഷ്മ ഫോണില്‍ പറഞ്ഞത്. എന്നാല്‍, കുപ്പി ആക്രിക്ക് കൊടുത്തുവെന്നായിരുന്നു ആദ്യം മൊഴി നല്‍കിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഷാരോണിന്റെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴിയും ഉടന്‍ രേഖപ്പെടുത്തും. രാവിലെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫിസിലാണ് മൊഴിയെടുക്കുന്നത്. അന്ധവിശ്വാസവും പൊലീസ് വീഴ്ചയും ഉള്‍പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഷരോണിന്റെ കുടുംബം പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.