Bail Hearing | തൊണ്ടവേദനയെന്ന് അഭിഭാഷകന്‍; യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദീഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും
● ജാമ്യം അനുവദിക്കരുതെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കോടതിയില്‍ ആവര്‍ത്തിച്ച് കേരള സര്‍ക്കാര്‍
● ഫോണും മറ്റ് തെളിവുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു
● സംസ്ഥാന സര്‍ക്കാരിന് വേണ്ടി രഞ്ജിത് കുമാര്‍, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവര്‍ ഹാജരായി
● സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി, രഞ്ജീത റോഹത്ഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ സിദ്ദീഖിന് വേണ്ടി ഹാജരായി
ന്യൂഡെല്‍ഹി: (KVARTHA) യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദീഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാല്‍ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.
ജസ്റ്റിസ് മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരാണ് സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചുവെങ്കിലും അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ തന്റെ തൊണ്ട അസ്വസ്ഥം ആണെന്ന് മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് അദ്ദേഹം ആവശ്യപെടുകയായിരുന്നു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
സിദ്ദീഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കേരള സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. മാത്രമല്ല, കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുന്നതിനെയും സര്‍ക്കാര്‍ എതിര്‍ത്തു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി രഞ്ജിത് കുമാര്‍, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവര്‍ ഹാജരായി.
താല്‍ക്കാലിക ജാമ്യത്തിലുള്ള സിദ്ദീഖ് അന്വേഷണത്തോടു സഹകരിക്കുന്നുണ്ടോ എന്ന് ബെഞ്ച് സര്‍ക്കാരിനോടു ചോദിച്ചു. രണ്ടു തവണ ഹാജരായെങ്കിലും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നില്ലെന്നായിരുന്നു കേരളത്തിന്റെ മറുപടി. അന്വേഷണ സംഘം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന സ്ഥിരം മറുപടിയാണ് സിദ്ദീഖ് നല്‍കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രസക്തമായത് ഏതാണെന്നത് പ്രതിയല്ല തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍, ഫോണും മറ്റും നല്‍കാതെ സിദ്ദീഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സിദ്ദീഖ് 2016ല്‍ ഉപയോഗിച്ച ഐ ഫോണും ലാപ് ടോപ്പും പ്രത്യേകാന്വേഷണ സംഘം തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ അവ കയ്യില്‍ ഇല്ലെന്ന് പലവട്ടം വ്യക്തമാക്കിയതാണെന്നും സിദ്ദീഖിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ പരാതിക്കാരിയും ആ കാലയളവില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ 2016 ലെ ഫോണ്‍ ഹാജരാക്കണം എന്ന ആവശ്യത്തിലെ പ്രായോഗികതയില്‍ സംശയം പ്രകടിപ്പിച്ചത്.
താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഐ ഫോണ്‍ 16 ആണെന്ന് ജസ്റ്റിസ് ശര്‍മ അറിയിച്ചു. എന്നാല്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ 15 കടയില്‍ മടക്കി നല്‍കിയ ശേഷമാണ് ഐ ഫോണ്‍ 16 വാങ്ങിയത് എന്നും ശര്‍മ പറഞ്ഞു.
പുതിയ ഐ ഫോണ്‍ വാങ്ങുമ്പോള്‍, പഴയത് കടയില്‍ കൊടുക്കുകയാണ് തന്റെ രീതിയെന്നും ജസ്റ്റിസ് സതീശ് ചന്ദ്ര ശര്‍മ പറഞ്ഞു. റോഹത് ഗിയുടെ ആവശ്യം അംഗീകരിച്ച കോടതി പിന്നീട് കേസ് അടുത്ത ആഴ്ചത്തേക്കു മാറ്റുകയായിരുന്നു.
അതേസമയം ആവശ്യപ്പെട്ട സാധനങ്ങള്‍ ഹാജരാക്കിയില്ല എന്നതിന് പുറമെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് സിദ്ദീഖ് മറുപടി നല്‍കുന്നില്ല എന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയെ അറിയിച്ചു. ഫേസ് ബുക്ക് അകൗണ്ട് ഉള്‍പെടെ സിദ്ദീഖ് ഡി ആക്ടിവേറ്റ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരെ പുതിയ കഥകള്‍ മെനയുകയാണെന്നും പൊലീസ് പുലര്‍ത്തേണ്ട നിഷ്പക്ഷതയുടെ പരിധി വിട്ടാണ് പെരുമാറ്റമെന്നും ചൂണ്ടിക്കാട്ടി സിദ്ദീഖ് കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ പുതിയ സത്യവാങ് മൂലം നല്‍കിയിരുന്നു. അതിലും പഴയ ഫോണ്‍ തന്റെ പക്കല്‍ ഇല്ലെന്ന് സിദ്ദീഖ് ചൂണ്ടിക്കാട്ടി. സംഭവം നടന്നതായി പറയുന്ന എട്ടരവര്‍ഷം മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണ്‍ തന്റെ പക്കല്‍ ഇല്ല.
2016ലോ അതിനു ശേഷമോ ഉപയോഗിച്ചിരുന്ന ഫോണ്‍ അതിജീവിതയും ഹാജരാക്കിയിട്ടില്ല. ഫെയ്‌സ്ബുക് അക്കൗണ്ട് ഒഴിവാക്കിയെന്ന സര്‍ക്കാര്‍ ആരോപണവും സിദ്ദീഖ് തള്ളി. ഇമെയില്‍ വഴിയും മെസഞ്ചര്‍ വഴിയുമെത്തുന്ന വിദ്വേഷ പ്രതികരണങ്ങളെ തുടര്‍ന്നാണ് പിന്മാറിയതെന്നും ഡീ ആക്ടിവേറ്റ് ചെയ്തിട്ടില്ലെന്നുമാണ് സിദ്ദീഖ് ചൂണ്ടിക്കാട്ടിയത്.
#SiddiqueCase, #KeralaNews, #MolestCase, #TemporaryBail, #LegalUpdate, #SupremeCourt