Investigation | 20 വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്‌ജിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; ദുരൂഹത; സംഭവം എറണാകുളം ചോറ്റാനിക്കരയിൽ
● പൊലീസ് അന്വേഷണം ആരംഭിച്ചു
● എരുവേലി പാലസ് സ്ക്വയറിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്.
● പ്രത്യേക കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം.
എറണാകുളം: (KVARTHA) ജില്ലയിലെ ചോറ്റാനിക്കരയിൽ 20 വർഷത്തിലധികമായി ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത് ദുരൂഹതകൾക്ക് വഴി തെളിച്ചു. ചോറ്റാനിക്കര എരുവേലി പാലസ് സ്ക്വയറിന് സമീപമുള്ള മംഗലശ്ശേരി വീടെന്നറിയപ്പെടുന്ന ഈ വസ്തു ഡോ. ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ്. കൊച്ചിയിൽ ക്ലിനിക്ക് നടത്തിവരുന്ന ഇദ്ദേഹം വർഷങ്ങളായി ഇവിടെ താമസമില്ല.
പുതുവത്സരത്തോടനുബന്ധിച്ച് സാമൂഹ്യവിരുദ്ധർ ഈ വീട്ടിൽ മദ്യപാനം നടത്തിയതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ചോറ്റാനിക്കര പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. കൈവിരലുകൾ, കാൽവിരലുകൾ, തലയോട്ടി എന്നിവ പ്രത്യേക കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു.
അസ്ഥികൂടത്തിന് എത്ര പഴക്കമുണ്ടെന്നോ ഇത് ആരുടേതാണെന്നോ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
വർഷങ്ങളായി ആൾത്താമസമില്ലാത്ത ഈ വീട് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. പഞ്ചായത്ത് മെമ്പറുടെ കൂടി ആവശ്യപ്രകാരമാണ് പൊലീസ് ഈ വീട്ടിൽ പരിശോധന നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്.
പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ, ചോറ്റാനിക്കര സിഐ കെ എൻ മനോജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. തലയോട്ടിക്കും അസ്ഥികൂടത്തിനും എത്ര പഴക്കമുണ്ടെന്നും ഇത് ആരുടേതാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
#Choottanikkara #Skeleton #Crime #Kerala #Police #Mystery