Remanded | ദേശീയപാതാ നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച് വില്‍പന നടത്തിയെന്ന കേസ്; ഇതരസംസ്ഥാന തൊഴിലാളികള്‍ റിമാന്‍ഡില്‍
കണ്ണൂര്‍: (www.kvartha.com) ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് സൂക്ഷിച്ച 85,000 രൂപയുടെ സാധനസാമഗ്രികള്‍ മോഷ്ടിച്ച് വില്‍പന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശികളായ സന്ദീപ് പ്രതാപ്(24) മുഹമ്മദ് മജ്ഹാര്‍(36) എന്നിവരെയാണ് പരിയാരം എസ് ഐ നിബിന്‍ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേശീയ പാതാനിര്‍മാണ സാമഗ്രികള്‍ എമ്പേറ്റില്‍വച്ച് മോഷണം പോയത്. നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന മേഘ കണ്‍സ്ട്രക്ഷന്‍ ലെയ്സണ്‍ ഓഫീസര്‍ ശശിധരന്റെ പരാതിയില്‍ കേസെടുത്ത് പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പാതനിര്‍മാണ ജോലിക്ക് ശേഷം മോഷണം നടത്തിയ സാധനസാമഗ്രികള്‍ ശ്രീസ്ഥ ഭാസ്‌കരന്‍ പീടികയ്ക്ക് സമീപത്തെ ആക്രികടയിലാണ് ഇവര്‍ വില്‍പന നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
ആക്രികടക്കാരന്റെ മൊഴിയിലാണ് പ്രതികളെ വിളയങ്കോട് വച്ച് പിടികൂടിയത്. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ സമാനമായ രീതിയില്‍ നേരത്തെയും ഇവര്‍ മോഷ്ടിച്ച സാധനസാമഗ്രികള്‍ ഇതേ ആക്രികടയില്‍ വില്‍പന നടത്തിയതായി കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്.
Keywords: Kannur, News, Kerala, Accused, Crime, Police, Robbery, Arrest, Arrested, Complaint, Case, theft, Stealing national highway construction materials and sell them; Two men in remand.