Action | നാട്ടികയില്‍ 5 പേരുടെ ജീവന്‍ കവര്‍ന്ന ലോറി അപകടം; ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യും
● മരിച്ചവരുടെ കുടംബത്തിനും പരിക്കേറ്റവര്‍ക്കും സഹായം.
● ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി.
● റോഡുകളില്‍ രാത്രി പരിശോധന കര്‍ശനമാക്കും.
തിരുവനന്തപുരം: (KVARTHA) തൃശൂര്‍ നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ നേതൃത്വത്തില്‍ രാത്രി പരിശോധന കര്‍ശനമാക്കും. മദ്യപിച്ച് വണ്ടിയോടിച്ചാലും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാലും കര്‍ശന നടപടി ഉണ്ടാകും.
നാട്ടിക അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടി. മദ്യ ലഹരിയിലാണ് ക്ലീനര്‍ വണ്ടി ഓടിച്ചത്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന നടപടികള്‍ എടുക്കും. മനപൂര്‍വ്വമായ നരഹത്യ ഗൗരവത്തിലെടുക്കും.
ട്രക്കുകള്‍ ഓടിക്കുന്നവരെ കേന്ദ്രീകരിച്ചും ലൈന്‍ ട്രാഫിക് ലംഘിക്കുന്നതും പരിശോധിക്കും. റോഡരികില്‍ ആളുകള്‍ കിടക്കുന്നുണ്ടെങ്കില്‍ അവരെ മാറ്റാനും പൊലീസിനോട് അഭ്യര്‍ത്ഥിക്കും. കൂടാതെ, ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിച്ച ആള്‍ക്കെതിരെ നിയമപരമായി ചെയ്യാവുന്നതിന്റെ അങ്ങേയറ്റം ചെയ്യുമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടംബത്തിനും പരിക്കേറ്റവര്‍ക്കും സഹായം നല്‍കുന്നത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിനിടയാക്കിയ തടി ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആലങ്കോട് സ്വദേശി ക്ലീനറായ അലക്‌സ് (33), ഡ്രൈവര്‍ ജോസ് (54) എന്നവരാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന ക്ലീനര്‍ അലക്‌സാണ് വാഹനമോടിച്ചതെന്നും ഇയാള്‍ക്ക് ലൈസന്‍സില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പുലര്‍ച്ചെ മാല് മണിക്ക് നാട്ടിക ജെകെ തിയേറ്ററിനടുത്താണ് അതിദാരുണമായ സംഭവമുണ്ടായത്. നാടോടികളായ 2 കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു.
കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി കയറ്റിയ ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചുപേരും മരിച്ചിരുന്നു. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
അപകടമുണ്ടാക്കിയതിന് ശേഷം നിര്‍ത്താതെ പോയ വാഹനത്തെ, പിന്നാലെ എത്തിയ പ്രദേശവാസികള്‍ ദേശീയപാതയില്‍ തടഞ്ഞുവെക്കുകയായിരുന്നു. ലോറി തടഞ്ഞുനിര്‍ത്തിയ ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
#NattikaAccident, #Kerala, #roadsafety, #drunkdriving, #justice