Crime | മറക്കാനാവുമോ 28 വർഷം മുമ്പത്തെ ആ ക്രൂരത; സൂര്യനെല്ലി കേസ് ഇപ്പോൾ എന്തായി? ഹേമ കമ്മീഷൻ റിപ്പോർട്ടിനിടെ വീണ്ടും ചർച്ചയിൽ 

 
Suryaanelli Case Haunts Kerala Again as MeToo Movement Gains Momentum
Suryaanelli Case Haunts Kerala Again as MeToo Movement Gains Momentum

Photo Credit: Representational Image Generated by Meta AI

* കേസിലെ പ്രതികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിരുന്നു.
* പീഡനത്തിനിരയായ പെൺകുട്ടിക്ക് സമൂഹത്തിൽ നിന്ന് പൂർണമായും ഒറ്റപ്പെടേണ്ടി വന്നു

സോണിച്ചൻ ജോസഫ്

(KVARTHA) ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പല നടികളും തങ്ങളെ പല നടന്മാരും പീഡിപ്പിച്ചെന്ന ആവലാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിൻ്റെ ചർച്ചകളാണ് സോഷ്യൽ മീഡിയയിലും മറ്റും സജീവമായി നടക്കുന്നത്. പല നടന്മാർക്കെതിരെയും നടികൾ കേസുമായും മുന്നോട്ട് പോകുന്നു. ഈ അവസരത്തിലാണ് 28 വർഷം മുൻപ് നടന്ന സൂര്യനെല്ലി കേസ് വീണ്ടും ചർച്ചയാകുന്നത്. ഒരു പാവം പെൺകുട്ടി അനുഭവിച്ച ഒരു നിത്യദുഖത്തിൻ്റെ കഥയായിരുന്നു സൂര്യനെല്ലി പീഡന കേസ്. 

ഒരുകൂട്ടം ആളുകൾ ഒരു സാധുപെൺകുട്ടിയെ മാറി മാറി പീഡനത്തിന് ഇരയാക്കി. ഒടുവിൽ ഫലമോ ആ പെൺകുട്ടിയ്ക്ക് സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ഓടിയൊളിക്കേണ്ടി വന്നു. ഇന്ന് അതിലെ പലരും മിടുക്കന്മാരായി പൊതുസമൂഹത്തിന് മുന്നിൽ മാന്യന്മാരായി വിലസുമ്പോൾ ആ പെൺകുട്ടിയ്ക്ക് ഇന്നും വെളിച്ചത്തിലേയ്ക്ക് വന്നിട്ടില്ലെന്നതാണ് സത്യം. സിനിമാ വിവാദം ഇവിടെ കൊഴുക്കുമ്പോൾ പഴയ സൂര്യനെല്ലി കേസും ഈ അവസരത്തിൽ ശ്രദ്ധനേടുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബച്ചൂ മാഹി എന്ന ഉപയോക്താവിന്റെ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.

കുറിപ്പിൽ പറയുന്നത്: 'പത്തോ പന്ത്രണ്ടോ വർഷം മുൻപ് സൗദിയിൽ ഉള്ളപ്പോഴാണ്, അന്ന് സൂര്യനെല്ലി പീഡനക്കേസിൽ ആക്റ്റീവായി ഇടപെട്ടിരുന്ന സുജ സൂസൻ ജോർജ്ജിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് പെൺകുട്ടിയുടെ അമ്മയെ ഫോണിൽ വിളിക്കുന്നത്. ഒരു മണിക്കൂറോ അധികമോ  ആ മാതാപിതാക്കളോട് സംസാരിച്ചു. ഇന്നും ഓർക്കുമ്പോൾ നട്ടെല്ലിലൂടെ കഠാരമുനയുടെ തണുപ്പ് കടന്ന് പോകുന്നതാണ്  കേട്ട കാര്യങ്ങൾ. കേസുമായി മുന്നോട്ട് പോകുന്നതിന് നിസ്സഹായരായ ആ മാതാപിതാക്കൾ താണ്ടിയ ദുരിതപർവങ്ങൾ; നിയമപാലകരിൽ നിന്ന്, രാഷ്ട്രീയക്കാരിൽ നിന്ന്, കോടതികളിൽ നിന്ന്, പള്ളി / പട്ടക്കാരിൽ നിന്ന്, സർവ്വോപരി സമൂഹത്തിൽ നിന്ന് കുടിച്ച അപമാനത്തിന്റെ കയ്പുനീരുകൾ. 

നാട് വിട്ടോടി മറ്റൊരിടത്ത് പറിച്ച് നട്ടിട്ട് അവിടെയും തുടർന്ന കാർക്കിച്ച് തുപ്പലുകൾ. ജീവിതം എന്തെന്നറിയാത്ത പ്രായത്തില്‍ -പതിനഞ്ച് വയസ്സും ഒന്‍പത് മാസവും - പ്രണയമെന്ന് തെറ്റിദ്ധരിച്ച പ്രലോഭനത്തില്‍ കുരുങ്ങി, വീട് വിട്ടിറങ്ങി മനസറിയാതെ ചില അധമകരങ്ങളിൽ അകപ്പെടുകയും അവര്‍ കൊണ്ട് നടന്ന്‌ പലരുടെയും കാമഭ്രാന്തിന് മുന്നില്‍ വലിച്ചെറിയുകയും ചെയ്ത കേസായിരുന്നു സൂര്യനെല്ലി കേസ് എന്നറിയപ്പെട്ടത്. തലക്കടിച്ചും മയക്കു ഗുളികകള്‍ നല്‍കിയും മൃതപ്രായയാക്കി, ലൈംഗിക അവയവം ചുട്ടുപഴുത്ത് രക്തം സ്രവിക്കുന്ന അവസ്ഥയിൽ, ആവോളം കെഞ്ചിയിട്ടും മകളുടെ പ്രായം പോലുമില്ലാത്ത ആ കുരുന്നിനോട് അലിവൊട്ടും കാട്ടാതെ ക്രൂരമായി ലൈംഗികദാഹം തീര്‍ത്തവരില്‍ ഒരാൾ പിന്നീട് ജനാധിപത്യത്തിന്‍റെ അത്യുന്നതപദവികളില്‍ അവരോധിക്കപ്പെട്ടു. 

'മോനേ, സിനിമയിലൊക്കെ കാണുന്നത് മാതിരി രണ്ട് സ്യൂട്ട്കേസുകൾ നിറയെ നോട്ട്കെട്ടുകൾ ഞങ്ങൾക്ക് മുമ്പിൽ തുറന്ന് വെച്ചു. ആ പണം സ്വീകരിച്ച് കേസിൽ നിന്ന് പിന്തിരിയണം എന്നതായിരുന്നു ആവശ്യം. എന്റെ മകൾക്ക് സംഭവിച്ച ദുരിതം നാളെ മറ്റൊരു കുഞ്ഞിനും ഉണ്ടാകരുത് എന്ന ഒരൊറ്റ ഉദ്ദേശ്യമായിരുന്നു എല്ലാം സഹിച്ച് കേസുമായി മുന്നോട്ട് പോകാൻ കാര്യം. ഞങ്ങൾ നടന്ന് പോകുമ്പോൾ കാർക്കിച്ച് തുപ്പിയിട്ട് ഇവർക്കൊക്കെ പോയി ചത്തൂടെ എന്ന് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. പോയിക്കൊണ്ടിരുന്ന പള്ളിയിൽ നിന്ന് പോലും വിലക്കപ്പെട്ടു. ആരുമറിയാത്ത മറ്റൊരിടത്തേക്ക് പറിച്ച് നട്ടെങ്കിലും അവിടെയും തിരിച്ചറിഞ്ഞ് ആളുകൾ അപഹസിക്കാൻ തുടങ്ങി. എന്നെങ്കിലും ഞങ്ങടെ കണ്ണീരിന് ദൈവം നിവൃത്തിയുണ്ടാക്കും എന്ന പ്രതീക്ഷയിൽ മാത്രമാണ് മരിക്കാതെ പിടിച്ച് നിന്നത്'. 

ആ അതിക്രമം നടന്നിട്ടിപ്പോൾ ഇരുപത്തെട്ട്  വർഷങ്ങളായി. കേസിനിപ്പോൾ എന്ത് സംഭവിച്ചു എന്നറിഞ്ഞു കൂടാ. ഇടനെഞ്ചിൽ തീയുമായി ജീവിച്ച ആ അമ്മയും അച്ഛനും ജീവിച്ചിരിപ്പുണ്ടോ എന്നുമറിയില്ല. ഒരിക്കൽക്കൂടി അവരെ വിളിക്കാനുള്ള മനോബലം ഇല്ലായിരുന്നു. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന പി.ജെ. കുര്യൻ എന്ന രാഷ്ട്രീയ അതികായൻ പിന്നീട് രാജ്യസഭാ ഉപാധ്യക്ഷനായി, ഈയടുത്ത് വരെ എം.പി. ആയും തുടർന്നു. 'നാട് നീളെ നടന്ന് വ്യഭിചരിച്ചിട്ട് മാന്യന്മാരെ അവഹേളിക്കാൻ കേസ് കൊടുക്കുന്ന'വരായി അവരെ വിശേഷിപ്പിച്ച കെ സുധാകരൻ എന്ന മാന്യൻ ഇപ്പോഴും ഉന്നതസ്ഥാനീയനാണ് - എം.പി.യും മുഖ്യ പ്രതിപക്ഷ കക്ഷിയുടെ സംസ്ഥാന അധ്യക്ഷനും. 

ഹൈക്കോടതി ജഡ്ജി പദവിയിലുന്ന ബസന്ത് വിളിച്ചത് ബാലവേശ്യ എന്ന്! എന്ത് കൊണ്ട് കേസിന് പോയില്ല / ഇനി പോകുമോ എന്ന മാധ്യമക്കാരുടെ ചോദ്യത്തിനുള്ള രേവതി സമ്പത്തിൻ്റെ മറുപടി  കേട്ടപ്പോഴാണ് ഇക്കാര്യങ്ങൾ വീണ്ടും മനസ്സിലെത്തിയത്. 'What a fucking society we are living in...!!! അബ്യൂസർ നെഞ്ച് വിരിച്ച് നടക്കുന്ന, സർവൈവർ ഒറ്റപ്പെട്ടും കല്ലെറിയപ്പെട്ടും പരിഹസിക്കപ്പെട്ടും മുഖം മറച്ചും ബാക്കി ജീവിതം ജീവിച്ച് തീർക്കേണ്ട സുന്ദരസുരഭില കേരളം!'

ഇതാണ് ആ പോസ്റ്റ്. ഇന്നും സൂര്യനെല്ലി കേസ് ചിലരുടെയെങ്കിലും മനസ്സിൽ ഉണ്ടെന്ന് സാരം. വേട്ടക്കാർ എല്ലാക്കാലത്തും നെഞ്ചും വിരിച്ചു നടക്കുന്ന ഇവിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എന്ത് സുരക്ഷയാണ് നൽകാൻ പറ്റുക. തീർച്ചയായും പ്രതികരണ ശേഷിയുള്ള പെൺകുട്ടികളും, അവരെ സംരക്ഷിക്കുന്ന നിയമവ്യവസ്ഥിതിയും ഇവിടെ ഉണ്ടായാലേ കാലത്തെ അതിജീവിച്ച് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia