Police Inaction | അമേഠിയിൽ അദ്ധ്യാപകനെയും കുടുംബത്തെയും വെടിവച്ച്‌ കൊന്നു; പരാതി നൽകിയിട്ടും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നാരോപണം

 
Teacher and Family Shot Dead in Amethi
Teacher and Family Shot Dead in Amethi

Representational Image Generated by Meta AI

● സംഭവത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികളെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
● ചന്ദൻ പൂനത്തിനോട് മോശമായി പെരുമാറി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

അമേഠി: (KVARTHA) ഉത്തർപ്രദേശിലെ അമേഠിയിൽ അദ്ധ്യാപകനും കുടുംബവും വീട്ടിൽ കൊല്ലപ്പെട്ട സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കി. സർക്കാർ സ്‌കൂൾ അധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽ കുമാർ (35), ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസുള്ള രണ്ട് പെൺമക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് മുമ്പ് പൂനം ഭാരതി പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചന്ദൻ എന്നയാളിൽ നിന്ന് തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നും ഇയാൾ പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ചന്ദൻ ആണ് ഉത്തരവാദിയെന്നും പൂനം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമം, ജാതി അധിക്ഷേപം തുടങ്ങിയ ഗുരുതര ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിരുന്നു.

പൂനം ഓഗസ്റ്റില്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ആരോപണ വിധേയനായ ചന്ദനെതിരെ കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആരോപണം. ഓഗസ്റ്റ് 18ന് കുഞ്ഞിന് മരുന്ന് വാങ്ങാനായി റായ്‌ബറേലിയിലെ ആശുപത്രിയില്‍ പോയപ്പോള്‍ ചന്ദൻ പൂനത്തിനോട് മോശമായി പെരുമാറി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

എതിർത്തപ്പോള്‍ തന്നെയും ഭർത്താവിനെയും അടിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നും പൂനത്തിന്റെ പരാതിയിലുണ്ട്. സംഭവം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. കുടുംബം ഭയത്തിലാണ് കഴിയുന്നത്. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ചന്ദൻ ആണ് ഉത്തരവാദി. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കൊലപാതകം ആസൂത്രിതമായിരുന്നോ?

കൊലപാതകം മോഷണശ്രമത്തിനിടെ സംഭവിച്ചതല്ലെന്നും ആസൂത്രിതമായി നടത്തിയതാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പൊലീസിന്റെ നിഷ്ക്രിയത്വമാണ് ഈ ദാരുണ സംഭവത്തിന് കാരണമായെന്ന ആരോപണവും ശക്തമായി ഉയർന്നിട്ടുണ്ട്.

ഈ സംഭവത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികളെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

 #Amethi #TeacherMurder #PoliceInaction #UttarPradesh #YogiAdityanath #FamilyTragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia