Child Protection | കുട്ടികൾ ലൈംഗികാതിക്രമത്തിനിരയായാൽ വേഗം ചെയ്യേണ്ട കാര്യങ്ങൾ
● കുട്ടികൾ ലൈംഗികാതിക്രമത്തിനിരയായാൽ ഉടൻ പോലീസിൽ പരാതി നൽകണം.
● 24 മണിക്കൂറിനുള്ളിൽ കുട്ടിക്ക് വൈദ്യപരിശോധന നടത്തണം.
● പോലീസ്, ശിശുക്ഷേമസമിതി എന്നിവർ കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കണം.
● കുട്ടിയുടെ മൊഴി 30 ദിവസത്തിനുള്ളിൽ രേഖപ്പെടുത്തണം.
● പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ലൈംഗീക പീഡനത്തിനിരയാകുന്നു എന്നതാണ് വാസ്തവം.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) ഇന്ന് നാട്ടിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചുവരുകയാണ്. ഇതു സംബന്ധിച്ച് ഒരുപാട് വാർത്തകളാണ് ദിവസേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ലൈംഗീക പീഡനത്തിനിരയാകുന്നു എന്നതാണ് വാസ്തവം. വിശ്വസിച്ച് തങ്ങളുടെ കുട്ടികളെ ഒറ്റയ്ക്ക് മറ്റൊരു വീടുകളിൽ അയയ്ക്കാൻ പറ്റാതായിരിക്കുന്നു. സമൂഹത്തിൽ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ വരെ പ്രതിപട്ടികയിൽ ഉണ്ടാകുന്നുവെന്നത് ആരെയും ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത തന്നെയാണ്.
ഒരു കുട്ടി ലൈംഗികാതിക്രമത്തിനിരയായതായി റിപ്പോർട്ടു ചെയ്യപ്പെട്ടാൽ വേഗം ചെയ്യേണ്ടുന്ന നിയമപരമായ കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു കുട്ടി ലൈംഗികാതിക്രമത്തിനിരയായതായി റിപ്പോർട്ടു ചെയ്യപ്പെട്ടാൽ 24 മണിക്കൂറിനകം കുട്ടിക്ക് വൈദ്യപരിശോധന നടത്തേണ്ടതും തുടർചികിത്സ ഉറപ്പാക്കേണ്ടതുമാണ്. ഇര പെൺകുട്ടിയാണെങ്കിൽ കഴിവതും ഒരു വനിതാ ഡോക്ടറായിരിക്കണം ദേഹപരിശോധന നടത്തേണ്ടത്. അല്ലാത്തപക്ഷം ഒരു വനിതയുടെ സാന്നിധ്യത്തിലായിരിക്കണം പരിശോധന.
പോലീസിന് പോക്സോ നിയമം കുറ്റാന്വേഷകന്റെ റോൾ മാത്രമല്ല നൽകുന്നത് മറിച്ച്, കുട്ടിയുടെ സംരക്ഷകന്റെ സ്ഥാനം കൂടിയാണ്. ഒരു കുട്ടി ലൈംഗികാതിക്രമത്തിനിരയായാൽ കുട്ടിയുടെ ആരോഗ്യം, സുരക്ഷ, ചികിത്സ എന്നിവ സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് തയ്യാറാക്കി 24 മണിക്കൂറിനുള്ളിൽ ശിശുക്ഷേമസമിതിക്കും പ്രത്യേക കോടതിക്കും സമർപ്പിക്കേണ്ട ഉത്തരവാദിത്വവും പോലീസിനുണ്ട്. അതിക്രമത്തിനിരയായ കുട്ടിയുടെ മൊഴി 30 ദിവസത്തിനുള്ളിൽ രേഖപ്പെടുത്തണം. സബ് ഇൻസ്പെക്ടറുടെ റാങ്കിൽ കുറയാത്ത വനിതാ ഓഫീസറായിരിക്കണം കുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടത്.
മൊഴി രേഖപ്പെടുത്തുന്നതിനായി ഒരുകാരണവശാലും കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല. മാതാപിതാക്കളുടെയോ, രക്ഷാകർത്താക്കളുടെയോ സാന്നിധ്യത്തിൽ, കുട്ടിക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്തു വെച്ചു വേണം മൊഴി രേഖപ്പെടുത്താൻ. രേഖപ്പെടുത്തുന്ന സമയത്ത് കുട്ടി പറയുന്നത് അതു പോലെത്തന്നെ രേഖപ്പെടുത്തണം. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മൊഴി രേഖപ്പെടുത്തുമ്പോൾ അവർക്ക് വ്യാഖ്യാതാവിന്റെയോ, വിവർത്തകന്റെയോ സഹായം ആവശ്യമായിവന്നാൽ അത് ഏർപ്പാടാക്കിനൽകുകയും വേണം.
ലോക്കൽ പോലീസ് സ്റ്റേഷൻ, സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്, ശിശുക്ഷേമ സമിതി, ദേശീയ- സംസ്ഥാന ബാലാവകാശ കമ്മിഷൻ എന്നിവിടങ്ങളിൽ പീഡനത്തെ ക്കുറിച്ച് പരാതി നൽകാവുന്നതാണ്. ടോൾഫ്രീ നമ്പറായ 1098 വഴിയും പരാതി നൽകാം. പരാതി നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഇത്രയും കാര്യങ്ങൾ ചെയ്യുവാൻ മാതാപിതാക്കളും കുട്ടികളുടെ രക്ഷിതാക്കളും സ്ക്കുൾ അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കുക.
ഒരു കുട്ടി ലൈംഗിക പീഡനത്തിന് ഇരയാവുന്നമ്പോൾ ആ മുറിവ് അവരുടെ മനസ്സിനെ എല്ലാക്കാലവും ബാധിക്കുമെന്നത് എല്ലാവരും തിരിച്ചറിയുക. ഒരു കുട്ടിയും ഇനി ഇവിടെ പീഡനത്തിനിരയാകാതിരിക്കാനുള്ള മുൻകരുതൽ സൃഷ്ടിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണ്, കടമയാണ്. ഈ ബോധ്യം എല്ലാവരെയും ഭരിക്കട്ടെ.
#ChildAbuse #ChildProtection #KeralaNews #JusticeForChildren #StopChildAbuse #SafetyFirst